ഇടുക്കി: തമിഴ്‌നാട്ടിൽ നിന്ന് കഞ്ചാവും മറ്റ് ലഹരി വസ്‌തുക്കളും കൊണ്ടുവരുന്നത് തടയാൻ പരിശോധന കർശനമാക്കി പ്രത്യേക പൊലീസ് സംഘം. തെരഞ്ഞെടുപ്പിന് മുമ്പായി വൻതോതിൽ ലഹരി മരുന്നും മദ്യവും അതിർത്തി കടത്താൻ നീക്കം നടക്കുന്നുവെന്ന സൂചനകളെ തുടർന്നാണ് പരിശോധന കർശനമാക്കിയത്. മുമ്പെങ്ങും ഇല്ലാത്ത രീതിയിലാണ് ഇപ്പോൾ കഞ്ചാവ് മാഫിയ അതിർത്തി മേഖലയിൽ പിടിമുറുക്കുന്നത്. കമ്പംമെട്ട് അതിർത്തിയിലെ സമാന്തര പാതകളിലൂടെയാണ് ഇടുക്കിയിലേക്ക് വൻതോതിൽ കഞ്ചാവ് എത്തിക്കുന്നത്.
തമിഴ്‌നാട്ടിലെ കമ്പം കേന്ദ്രീകരിച്ചാണ് കഞ്ചാവ് വിൽപന. ഇവിടെയുള്ള മൊത്തക്കച്ചവടക്കാരിൽ നിന്ന് ലഹരി വസ്‌തുക്കൾ വാങ്ങി ഇടുക്കിയിൽ വിവിധ ഇടങ്ങളിലായി സാധനങ്ങൾ സൂക്ഷിക്കും. പിന്നീട് ഇത് ഇടുക്കി ഗോൾഡെന്ന പേരിൽ സംസ്ഥാനത്തിന്‍റെ വിവിധ മേഖലകളിൽ എത്തിക്കുകയാണ് പതിവ്. തമിഴ്‌നാട്ടിൽ നിന്ന് വാങ്ങുന്നതിന്‍റെ അഞ്ചിരട്ടി വിലയ്ക്കാണ് ഇടനിലക്കാർ ചെറുകിട വിൽപനക്കാർക്ക് കഞ്ചാവ് കൈമാറുന്നത്. യുവാക്കളും വിദ്യാർഥികളും കഞ്ചാവ് കടത്തിൽ പിടിക്കപ്പെടുകയും പ്രധാന പ്രതികൾ രക്ഷപ്പെടുകയുമാണ് പതിവ്.