ഇടുക്കി : കൊവിഡ് ലോക്ക്ഡൗണില്‍ പരിശോധനയ്ക്കിടെ ക്രൂരമര്‍ദനത്തിന് ഇരയായി ഗുരുതരാവസ്ഥയില്‍ ചികിത്സയിലുള്ള മറയൂര്‍ സിപിഒ അജേഷ് പോളിന്‍റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് നാട്. കൃത്യനിര്‍വഹണത്തിനിടെ അപ്രതീക്ഷിത ആക്രമണത്തിനിരയായ അജേഷിനായി നാട്ടുകാരി സീത ഹൃദയസ്പര്‍ശിയായ കവിത രചിച്ചിരിക്കുന്നു.
അജേഷിന് സഹോദരി തുല്യയായ സീത കാന്തല്ലൂര്‍ വെട്ടുകാട്ടില്‍ ബാലസുബ്രമണ്യന്‍റെ മകളാണ്. യുവ പൊലീസുകാരന്‍റെ ഓര്‍മകള്‍ കോര്‍ത്തിണക്കിയാണ് കവിത. എല്ലാവരോടും സൗമ്യമായ ഇടപെടല്‍, ഇതാണ് അജേഷ് പോളിനെ ഏവരുടെയും പ്രിയങ്കരനാക്കിയത്. ബിരുദധാരിയായ സീത നിലവില്‍ അമ്മയ്‌ക്കൊപ്പം റോഡരികില്‍ ശര്‍ക്കര നിര്‍മിച്ച് വില്‍പ്പന നടത്തുകയാണ്.
ഇതുവഴി പോകുമ്പോള്‍ അജേഷ് പോളിന്‍റെ സ്‌നേഹത്തോടെയുള്ള വിളിയും ഇടപെടലുകളുമാണ് സീത കവിതയില്‍ വിവരിക്കുന്നത്. പ്രിയ സഹോദരന്‍ സുഖം പ്രാപിച്ച് പതിമടങ്ങ് ഊര്‍ജ്ജസ്വലനായി തിരികെ വരുന്ന പ്രതീക്ഷ പേറുന്നതാണ് രചന. സീത അമ്മയ്‌ക്കൊപ്പം സ്റ്റേഷനിലെത്തി ഈ കവിത എസ്.ഐ എം.പി എബിയെയും സഹപ്രവര്‍ത്തകരേയും ഏല്‍പ്പിച്ചു.
Also read: മാസ്‌കില്ലാത്തത് ചോദ്യം ചെയ്‌തതിന് യുവാവ് ആക്രമിച്ച പൊലീസുകാരൻ്റെ നില ഗുരുതരം
അനിഷ്ട സംഭവങ്ങള്‍ ഉണ്ടായാല്‍ നിജസ്ഥിതി മനസ്സിലാക്കാതെ പൊലീസിനെ വിമര്‍ശിക്കാനാണ് പൊതുജനത്തിന് പലപ്പോഴും താല്‍പ്പര്യമെന്നും ഇത് ആത്മാര്‍ഥതയോടെ ജോലിചെയ്യുന്ന ഉദ്യോഗസ്ഥരുടെ മനോവീര്യം കെടുത്തുമെന്നും ഈ സാഹചര്യമാണ് ഇത്തരമൊരു കവിതയെഴുതാന്‍ പ്രേരണയായതെന്നും സീത പറഞ്ഞു.
മാസ്‌ക് ധരിക്കാത്തത് ചോദ്യം ചെയ്‌തതിനാണ് യുവാവ് അജേഷിനെ മർദിച്ചത്. യുവാവ് കല്ലുകൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. അടിയന്തര ശസ്ത്രക്രിയക്ക് വിധേയനായ പൊലീസ് ഉദ്യോഗസ്ഥൻ ഡോക്‌ടർമാരുടെ നിരീക്ഷണത്തിലാണ്. സംഭവത്തിൽ മറയൂർ സ്വദേശി സുലൈമാൻ പീരുമേട് സബ് ജയിലിൽ റിമാൻഡിലാണ്.