ഇരുചക്രവാഹനത്തിന്‍റെ നിറം മാറ്റി വിൽപന നടത്തി വഞ്ചിച്ചതായി യുവാവിന്‍റെ പരാതി. അടിമാലി സ്വദേശി ഗ്രീറ്റിംഗ്സ് ആണ് പരാതി നൽകിയത്. രാജാക്കാട് കേന്ദ്രമായി പ്രവർത്തിക്കുന്ന ഇരുചക്രവാഹന ഷോറൂം ഉടമ ഓറഞ്ചുനിറമുള്ള ബൈക്ക് കറുത്ത നിറത്തിലാക്കി വിൽപന നടത്തി തന്നെ കബളിപ്പിച്ചുവെന്നാണ് ആരോപണം. പരാതിയുടെ അടിസ്ഥാനത്തിൽ രാജാക്കാട് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
2016 സെപ്റ്റംബറിലായിരുന്നു യുവാവ് കറുത്ത നിറമുള്ള ബൈക്ക് ആവശ്യപ്പെട്ട് ഉടമയെ സമീപിച്ചത്. ഇതിനായി ഉടമ ഗ്രീറ്റിംഗ്സിൽ നിന്നും 24,800 രൂപ കൈപ്പറ്റുകയും ചെയ്തു .ഈ സമയത്ത് നൽകിയ ക്യാഷ് റെസീപ്റ്റിൽ ബ്ലാക്ക് ഹോണ്ട എന്ന് രേഖപ്പെടുത്തിയിട്ടുമുണ്ട് .ഏതാനും ദിവസങ്ങൾക്കുള്ളിൽ ഗ്രീറ്റിംഗ്സിന് ഷോറൂം ഉടമ കറുത്ത ഹോണ്ട ബൈക്ക് എത്തിച്ചു നൽകി . എന്നാൽ രണ്ട് വര്‍ഷത്തിന് ശേഷം ബൈക്കിന്‍റെ പലഭാഗങ്ങളിലായി ഓറഞ്ച് നിറം രൂപപ്പെട്ടതോടെയാണ് യുവാവ് പരാതിയുമായി പൊലീസിനെ സമീപിച്ചത്.
അടിമാലി കേന്ദ്രമായി പ്രവർത്തിക്കുന്ന മറ്റൊരു ഷോറൂമിൽ ഗ്രീറ്റിംഗ്സ് വാഹനം സർവീസിനായി നൽകിയപ്പോൾ ഇവിടെ നിന്ന് ലഭിച്ച സർവീസ് ഷീറ്റിൽ ഓറഞ്ച് ഹോണ്ട ഹോണറ്റ് എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്നും ഗ്രീറ്റിംഗ്സ് അവകാശപ്പെട്ടു. വാഹനവില്പന സംബന്ധിച്ച് പൊലീസ് അന്വേഷണം നടത്തി ഷോറൂം ഉടമക്കെതിരെ നടപടി വേണമെന്നാണ് പരാതിക്കാരന്‍റെ ആവശ്യം.