ഇടുക്കി: രോഗബാധയെ തുടർന്ന് ഇടുക്കി ജില്ലയിലെ കുരുമുളക് കൃഷി പ്രതിസന്ധിയിൽ. കുരുമുളക് ചെടികളിൽ വ്യാപിച്ചിരിക്കുന്ന മഞ്ഞളിപ്പ് രോഗം ജില്ലയിലെ കർഷകരെ ദുരിതത്തിലാക്കിയിരിക്കുകയാണ്. ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെ കൃഷി വിളകളിൽ ഇതിനകം മഞ്ഞളിപ്പ് രോഗം വ്യാപകമായി പടർന്നു പിടിച്ചിരിക്കുകയാണ്.
രാവും പകലും കാട്ടുമൃഗങ്ങളോട് പോരാടിയും മണ്ണിനോടും മഞ്ഞിനോടും മല്ലിട്ട് കൃഷി ഇറക്കിയ കർഷകരുടെ പ്രതീക്ഷകൾക്ക് മീതെ കരിനിഴൽ വീഴ്ത്തിയാണ് ജില്ലയിൽ മഞ്ഞളിപ്പ് രോഗം വ്യപകമായി പടർന്നു പിടിച്ചിരിക്കുന്നത്. വിളവെടുപ്പ് കാലം അടുത്തപ്പോൾ അപ്രതീക്ഷിതമായി ഉണ്ടായ രോഗബാധയിൽ കർഷകർ ആശങ്കയിലായിരിക്കുകയാണ്.
മൂപ്പെത്താത്ത ചെടിയുടെ ഇലയും തണ്ടും മഞ്ഞ നിറത്തിലായതിനു ശേഷം പൊഴിഞ്ഞു വീണ് ചെടി പൂർണ്ണമായും നശിക്കുന്ന രോഗബാധയാണിത്. പ്രതിരോധ പ്രവർത്തങ്ങളോ കീടനാശിനികളോ ഫലം കാണാത്തതിൽ കർഷകരും കൃഷി വകുപ്പ് ഉദ്യോഗസ്ഥരും ആശങ്കയിലാണ്.
ALSO READ: ഇന്ത്യന്‍ ഓപ്പണ്‍ : സൈന നെഹ്‌വാളിന് രണ്ടാം റൗണ്ട്
വളരെ പെട്ടന്ന് സമീപ ചെടികളിലേക്കും തോട്ടങ്ങളിലേക്കും മഞ്ഞളിപ്പ് രോഗം പടർന്നു പിടിക്കുന്നതും കർഷകരെ ദുരിതത്തിലാക്കിയിരിക്കുകയാണ്.
കൊവിഡ് സാമ്പത്തിക പ്രതിസന്ധിയിലും ഏലം വിലയിടിവിലും കർഷകരുടെ ഏക പ്രതീക്ഷയായിരുന്നു ഈ കറുത്ത പൊന്ന്. എന്നാൽ അപ്രതീക്ഷിത രോഗബാധയിൽ തകർന്നിരിക്കുകയാണ് ജില്ലയിലെ കർഷകർ.