ഇടുക്കി: ഇടവരമ്പേൽ ഗോൾഡ് എന്ന ഇനം ജാതി വികസിപ്പിച്ച് ദേശീയ അവാർഡ് നേടിയ മാതൃക കർഷകൻ ഇ.വി തോമസ് ഇടവരമ്പേൽ അത്യുൽപാദനശേഷിയുള്ള കുരുമുളക് വികസിപ്പിക്കാനുള്ള ശ്രമം ആരംഭിച്ചു. കാർഷിക ഗവേഷണങ്ങൾക്ക് കിസാൻ ക്രെഡിറ്റ് കാർഡ് വഴിയുള്ള സഹായവും പ്രയോജനകരമായി. വീടിനോട് ചേർന്ന് ഒരു നഴ്സറി തുടങ്ങാനും ഗുണമേന്മയുള്ള ജാതി, കുരുമുളക് എന്നിവയുടെ തൈകൾ ഉൽപ്പാദിപ്പിക്കാനും ഇദ്ദേഹത്തിന് കഴിഞ്ഞു. 2019ൽ നാഷണൽ ഇന്നോവേഷൻ കൗൺസിലിന്‍റെ മികച്ച ജാതികർഷകനുള്ള അവാർഡ് നേടിയ ഇദ്ദേഹം ഇടുക്കി പൊൻമുടിയിലെ ഇടവരമ്പേൽ സ്വദേശിയാണ്. കിസാൻ ക്രെഡിറ്റ് കാർഡ് വഴിയുള്ള സഹായത്തോടെയാണ് ജാതിയിനങ്ങളുടെ വർഗീകരണത്തിനും നഴ്സറി പരിപാലനത്തിനും കുരുമുളക് ഇനങ്ങൾ വികസിപ്പിച്ചെടുക്കാനും സാധ്യമായത്.
ഈ കൊവിഡ് കാലത്ത് മൂന്നു ലക്ഷം രൂപയാണ് തോമസിന് കിസാൻ ക്രെഡിറ്റ് കാർഡ് വഴി രാജാക്കാട് ഫെഡറൽ ബാങ്ക് ശാഖയിൽ നിന്നും ലഭിച്ചത്. തോമസിന്‍റെ രണ്ട് ഏക്കർ സ്ഥലത്ത് സമ്മിശ്ര കൃഷികളാണുള്ളത്. ജാതി, ഏലം, കുരുമുളക്, ഗ്രാമ്പൂ, കൊക്കോ, പഴവർഗങ്ങൾ, ഭക്ഷ്യ വിളകൾ എന്നിവ പരിപാലിക്കുന്നു. 2019ൽ സംസ്ഥാനത്തെ മികച്ച ജൈവകർഷകനുള്ള അവാർഡ്, ഇടുക്കി രൂപതയിലെ മികച്ച കർഷകനുള്ള അവാർഡ്, ആത്മയുടെ ഇന്നവേഷൻ അവാർഡ്, സരോജിനി ദാമോദർ ഫൗണ്ടേഷൻ അവാർഡ് തുടങ്ങി നിരവധി അംഗീകാരങ്ങൾ ലഭിച്ച ഈ കർഷകന് കിസാൻ ക്രെഡിറ്റ് കാർഡ് വഴി ലഭിച്ച സാമ്പത്തിക സഹായം കൂടുതൽ ആവേശം പകർന്നു. കുടുംബാംഗങ്ങളും പിന്തുണയുമായി ഒപ്പമുണ്ട്.