ഇടുക്കി: റോഡിന് സമീപത്തെ കരിങ്കല്‍ ഖനനം വലിയ ദുരന്തത്തിന് ഇടവരുത്തുമെന്ന ആശങ്കയിൽ ഇടുക്കി മഞ്ഞപ്പാറ നിവാസികള്‍. പ്രളയകാലത്ത് മണ്ണിടിച്ചില്‍ ഉണ്ടായ ഈ മേഖലയിൽ ലോക്ക്‌ഡൗണ്‍ ആയതോടെ വലിയ സ്‌ഫോടനങ്ങളോടെയാണ് കരിങ്കല്‍ ഖനനം നടക്കുന്നതെന്നാണ് നാട്ടുകാരുടെ പരാതി. നെടുങ്കണ്ടം-മേലേചിന്നാര്‍ പാതയില്‍ മഴക്കാലത്തിന് മുന്നോടിയായി നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് പാറ പൊട്ടിച്ച് നീക്കുന്നത്.
2018ലെ പ്രളയത്തില്‍ പച്ചടി, മഞ്ഞപ്പാറ മേഖലകളില്‍ നിരവധി മണ്ണിടിച്ചിലുകളും ഉരുള്‍പൊട്ടലുകളും സംഭവിച്ചിരുന്നു. നിലവില്‍ പ്രദേശത്ത് നടക്കുന്ന കരിങ്കല്‍ ഖനനം വലിയ ദുരന്തത്തിന് ഇടവരുത്തുമെന്ന ആശങ്കയാണ് നാട്ടുകാര്‍ക്കുള്ളത്. മണ്ണിടിച്ചിലുണ്ടായ പ്രദേശത്തോട് ചേര്‍ന്ന് ഏതാനും ദിവസങ്ങളിലായി പാറ പൊട്ടിയിക്കുന്നുണ്ട്. ലോക്ക്ഡൗണ്‍ ആയതോടെ വലിയ സ്‌ഫോടനങ്ങളാണ് നടക്കുന്നത്. ഇത് പ്രദേശത്ത് ചലനം സൃഷ്‌ടിക്കുമെന്നും മഴ ശക്തമാകുന്നതോടെ മണ്ണിടിച്ചിലിന് കാരണമാകുമെന്നും നാട്ടുകാര്‍ പറയുന്നു.
റോഡരികില്‍ നില്‍ക്കുന്ന പാറകെട്ടില്‍ ഒന്നിന് മുകളില്‍ ഒന്നായി നിരവധി പാറകള്‍ ഉണ്ട്. ഇവ താഴേയ്‌ക്ക് പതിച്ചാല്‍ ഏക്കര്‍ കണക്കിന് കൃഷി ഭൂമി നശിക്കും. തുടര്‍ച്ചായ നടത്തുന്ന ശക്തമായ സ്‌ഫോടനങ്ങള്‍ മൂലം വീടുകള്‍ക്ക് കുലുക്കം ഉണ്ടാകുന്നതായും പരാതിയുണ്ട്. അതേസമയം പൊട്ടിച്ച് മാറ്റുന്ന കരിങ്കല്‍ സമീപത്ത് സംരക്ഷണ ഭിത്തി നിര്‍മ്മിക്കുന്നതിനായാണ് ഉപയോഗിക്കുന്നതെന്നും അപകടരമായ പാറകള്‍ നീക്കം ചെയ്യാൻ നിര്‍ദേശമുണ്ടെന്നും കോണ്‍ട്രാക്റ്റര്‍ വ്യക്തമാക്കി.