ഇടുക്കി: ഇടുക്കി എസ്.ഐക്കെതിരെ വ്യാപക പരാതി. ഇടുക്കി സ്റ്റേഷൻ പ്രിൻസിപ്പല്‍ എസ്.ഐ സാഗർ എം.പിക്കെതിരെയാണ് പരാതി. ഇത് സംബന്ധിച്ച് നിരവധി സംഘടനകളുടെ നേതൃത്വത്തിൽ ഇടുക്കി ജില്ലാ പൊലീസ് മേധാവി, ഡി.ജി.പി എന്നിവർക്ക് പരാതി നൽകി. പൊതുജനങ്ങളെ അസഭ്യം പറയുക, പൊതുപ്രവർത്തകരെ അപമാനിക്കുക, കളളകേസെടുക്കുക തുടങ്ങിയ ആരോപണങ്ങളാണ് നാട്ടുകാർ ഉന്നയിച്ചിരിക്കുന്നത്. വയോധികരെ പോലും മാസ്ക് താഴ്‌ത്തുന്നതിൻ്റെ പേരിൽ അസഭ്യം പറയുന്നതായും പരാതിയുണ്ട്.
എസ്.ഐ സാഗർ എം.പിയെ തൊടുപുഴയിൽ നിന്നും ശിക്ഷാ നടപടിയുടെ ഭാഗമായി ഇടുക്കി ഡി.സി.ആര്‍.ബിയിലേക്ക് മാറ്റിയിരുന്നു. ശേഷം ഇടുക്കി സ്റ്റേഷനില്‍ നിയമിച്ച എസ്.ഐ സാഗർ എം.പി പ്രതികാര നടപടിപോലെ പെരുമാറുന്നു എന്നും ആക്ഷേപമുണ്ട്. കഴിഞ്ഞദിവസം ചെറുതോണി ടൗണിൽ വാഹനത്തിലിരുന്ന് കുഞ്ഞിന് പാൽ നൽകിക്കൊണ്ടിരുന്ന ദമ്പതികൾക്ക് നേരെയും എസ്.ഐ അസഭ്യവർഷം നടത്തിയിരുന്നു. സംഭവം റിപ്പോർട്ട് ചെയ്യാൻ സ്ഥലത്തെത്തിയ മാധ്യമപ്രവർത്തകർക്ക് നേരെ എസ്.ഐ സാഗർ എം.പി കേസെടുത്തിരുന്നു.