ഇടുക്കി: പീരുമേട്ടിലെ റിസോർട്ടിൽ പെണ്‍വാണിഭം നടത്തിയ പൊലീസുകാരനെ സസ്പെൻഡ് ചെയ്‌തു. ഏപ്രില്‍ 13ന് നടന്ന റെയ്‌ഡിനെ തുടര്‍ന്ന് കാഞ്ഞാർ പൊലീസ് സ്റ്റേഷനിലെ ഡ്രൈവർ സിപിഒ ടി അജിമോനെതിരെയാണ് വകുപ്പുതല നടപടി. തോട്ടാപ്പുര റോഡിലെ ക്ലൗഡ് വാലി റിസോട്ടില്‍ നിന്നും സ്ത്രീകളടക്കം അഞ്ചുപേരെയാണ് പൊലീസ് പിടികൂടിയത്.
രണ്ട് മലയാളികളും ഇതര സംസ്ഥാനക്കാരായ മൂന്ന് സ്ത്രീകളുമാണ് പിടിയിലായത്. കോട്ടയം സ്വദേശിയായ ഇടപാടുകാരനും അറസ്റ്റിലായവരിലുണ്ട്. സ്‌ത്രീകളെ അഭയകേന്ദ്രത്തിലേക്ക് മാറ്റി. കഴിഞ്ഞ കുറച്ചുനാളായി ഈ കേന്ദ്രം പൊലീസിന്‍റെ നിരീക്ഷണത്തിലായിരുന്നു. കുമളി, പരുന്തുംപാറ, വാഗമൺ എന്നിവിടങ്ങളിലെ റിസോർട്ടുകളിൽ ഇവർ സത്രീകളെ എത്തിച്ചു നൽകിയിരുന്നതായി പൊലീസ് കണ്ടെത്തി. പൊലീസെത്തിയപ്പോൾ സ്ഥലത്തുണ്ടായിരുന്ന നടത്തിപ്പുകാർ ഓടി രക്ഷപ്പെടുകയായിരുന്നു.
ഫോട്ടോ തിരിച്ചറിഞ്ഞ് സ്‌ത്രീകള്‍, ഒടുവില്‍..!: റെയ്‌ഡ് നടക്കുന്ന വിവരം അറിയിക്കാൻ റിസോർട്ടിലുണ്ടായിരുന്ന സ്ത്രീകൾ ആദ്യം വിളിച്ചത് നടത്തിപ്പുകാരിൽ ഒരാളും പൊലീസുകാരനുമായ അജിമോനെയാണ്. പൊലീസ് കാണിച്ച അജിമോന്‍റെ ഫോട്ടോ ഇവർ തിരച്ചറിയുകയും ചെയ്‌തു. ഇയാള്‍ നടത്തിപ്പുകാരിൽ ഒരാളാണെന്ന് സ്ത്രീകൾ മൊഴി നൽകി. ഇതോടെ, വകുപ്പുതല നടപടി സ്വകരിക്കാൻ പീരുമേട് ഡിവൈഎസ്‌പി ജെ കുര്യാക്കോസ് റിപ്പോർട്ട് നൽകുകയായിരുന്നു.
പീരുമേട്ടിൽ ജോലി ചെയ്യവെ അനധികൃത ഇടപാടുകളുടെ പേരിൽ കഴിഞ്ഞ ഒക്ടോബറിലാണ് അജിമോനെ കാഞ്ഞാറിലേക്ക് മാറ്റിയത്. തമിഴ്‌നാട്ടിലെ കമ്പത്തിനടുത്ത് അജിമോൻ ഉൾപ്പെട്ട സംഘം ബാർ നടത്തുന്നതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പൊലീസുകാരൻ ഉൾപ്പെടെ മൂന്നുപേരാണ് കേന്ദ്രം നടത്തിയിരുന്നത്. റിസോർട്ട് നടത്തിപ്പുകാരനായ ജോൺസനെ ഒന്നാം പ്രതിയാക്കിയാണ് കേസെടുത്തിട്ടുള്ളത്. പ്രതികള്‍ക്കായുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കിയതായി പീരുമേട് ഡിവൈഎസ്‌പി പറഞ്ഞു