ഇടുക്കി: കുടിയേറ്റ കര്‍ഷകര്‍ക്ക് പട്ടയം നൽകുന്നില്ലെന്ന് ആരോപണം. പന്നിയാര്‍ പുഴയുടെ തീരത്തുള്ള ഭൂമിക്ക് പട്ടയം നല്‍കുകയും ഇതിന് സമീപത്തുള്ള കര്‍ഷകരുടെ ഭൂമിക്ക് പട്ടയം നിഷേധിക്കുകയും ചെയ്തുവെന്നാണ് ആരോപണം. പുഴയോരത്തെ കയ്യേറ്റ ഭൂമിക്ക് പട്ടയം നല്‍കിയ നടപടി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പരിസ്ഥിതി പ്രവര്‍ത്തകരും രംഗത്തെത്തി. രാജകുമാരി ഭൂമി പതിവ് ഓഫീസിന്‍റെ പരിധിയിലുള്ള രാജാക്കാട്, ഗാന്ധിപ്പാറ വില്ലേജുകളിലുള്‍പ്പെട്ട കുത്തുങ്കലിന് സമീപം പന്നിയാര്‍ പുഴയുടെ തീരത്തുള്ള കൈവശ ഭൂമിക്കാണ് അധികൃതർ പട്ടയം നല്‍കിയത്. പുഴയുടെ ദൂരപരിധി പാലിക്കാതെയാണ് പട്ടയം നല്‍കിയതെന്ന ആരോപണമാണ് ഉയരുന്നത്. ഇതോടൊപ്പം തന്നെ സമീപത്തെ മറ്റ് കൃഷിയിടങ്ങള്‍ക്ക് പട്ടയം നല്‍കുന്നതിന് അധികൃതര്‍ തയ്യാറാകുന്നുമില്ല.
പണവും ഉന്നത രാഷ്ട്രീയ സ്വാധീനവുമുള്ളവര്‍ക്ക് മാത്രമാണ് പട്ടയം നല്‍കുന്നതെന്നും വര്‍ഷങ്ങളായി പട്ടയത്തിന് കാത്തിരിക്കുന്ന കുടിയേറ്റ കർഷകർക്ക് പട്ടയം നൽകുന്നതിന് ഇടപെടല്‍ ഉണ്ടാകണമെന്നും കര്‍ഷകര്‍ ആവശ്യപ്പെടുന്നു. പുഴ സംരക്ഷിക്കുന്നതിനും അര്‍ഹതപെട്ടവര്‍ക്ക് പട്ടയം നല്‍കുന്നതിനും നടപടി സ്വീകരിക്കണമെന്ന് ഗ്രീന്‍കെയര്‍ കേരള ജില്ലാ സെക്രട്ടറി ബുള്‍ബേന്ദ്രന്‍ ആവശ്യപ്പെട്ടു. ചട്ടവിരുദ്ധമായിട്ടാണ് പുഴയോരത്ത് പട്ടയം നല്‍കിയതെന്നും ഇതു സംബന്ധിച്ച അഴിമതി അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ഗ്രീന്‍കെയര്‍ കേരള വിജിലന്‍സ് ഡയറക്ടര്‍, ഇടുക്കി ജില്ലാ കലക്ടര്‍, ഗ്രീന്‍ ട്രിബ്യൂണല്‍ അടക്കമുള്ളവര്‍ക്ക് പരാതി നല്‍കിയിട്ടുമുണ്ട്.