ഇടുക്കി: ഗതാഗതകുരുക്കിൽ ബുദ്ധിമുട്ടുകയാണ് അടിമാലി ടൗണ്‍. ജനങ്ങൾ അവരവർക്ക് ഇഷ്‌ടമുള്ളയിടത്ത് പാര്‍ക്ക് ചെയ്യുന്നതാണ് ഈ ഗതാഗതകുരുക്ക് വർധിക്കാനുള്ള പ്രധാന കാരണങ്ങളിലൊന്ന്. കല്ലാര്‍കുട്ടി റോഡിലെ നടപ്പാതയില്‍ വരെ ഇരുചക്ര വാഹനങ്ങളും ഓട്ടോറിക്ഷകളും നിര്‍ത്തിയിട്ടിരിക്കുന്ന അവസ്ഥയാണ്.
ഒരു നിയന്ത്രണവുമില്ലാതെ അവരവർക്ക് തോന്നുന്നയിടത്ത് വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് കാല്‍നടയാത്രികര്‍ക്കും വ്യാപാരികള്‍ക്കും ബുദ്ധിമുട്ട് സൃഷ്‌ടിക്കുന്നതിനൊപ്പം ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നതിനും കാരണമാകുന്നു.
കല്ലാര്‍കുട്ടി റോഡിൽ ഉൾപ്പെടെ പലയിടത്തും നോ പാര്‍ക്കിംഗ് ബോർഡുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഈ നിര്‍ദേശമാരും കാര്യമായി മുഖവിലക്കെടുക്കാറില്ല. തിരക്കുള്ള സ്ഥലങ്ങളിലെ അനധികൃത പാര്‍ക്കിങ് ചില സമയങ്ങളില്‍ വാക്ക് തര്‍ക്കത്തില്‍ വരെ കലാശിക്കാറുണ്ട്. വണ്‍വെ രീതിയില്‍ ഗതാഗതം ക്രമീകരിച്ചിട്ടുള്ള ബസ് സ്‌റ്റാൻഡ് റോഡിലും ലൈബ്രറി റോഡിലും നിയന്ത്രണങ്ങള്‍ക്ക് പുല്ലു വിലയാണ്.
ഗതാഗത കുരുക്കിന് അയവ് വരുത്താന്‍ ഇടപെടല്‍ നടത്തുമെന്ന് മുൻപ് പഞ്ചായത്ത് അറിയിച്ചിരുന്നെങ്കിലും തുടര്‍ നടപടിയൊന്നും ഉണ്ടായില്ല. പല സ്ഥലങ്ങളിലും പൊലീസിന്‍റെ അസാന്നിധ്യം അനധികൃത പാർക്കിംഗിനും ഗതാഗതകുരുക്കിനും വഴിയൊരുക്കുകയാണ്.