ഇടുക്കി: പ്രളയത്തിൽ തകർന്ന പന്നിയാർകുട്ടി പാലം പുനർനിർമ്മിക്കാതെ അധികൃതർ. കവുങ്ങും മുളയും ഉപയോഗിച്ച് താൽക്കാലിക സംവിധാനമൊരുക്കിയാണ് പ്രദേശവാസികൾ ഇതുവഴി കടന്നു പോകുന്നത്. 2016 -17 ബജറ്റിൽ പാലവും സംസ്ഥാന പാതയും ഒരുക്കുന്നതിൻ്റെ ഭാഗമായി അൻപതുകോടി രൂപ വകയിരുത്തിയിരുന്നു. എന്നാൽ അധികൃതർ തിരിഞ്ഞുനോക്കുന്നില്ലെന്ന് നാട്ടുകാർ പറയുന്നു.
പോത്തുപാറ നിവാസികൾക്ക് കാൽനടയായി പന്നിയാർകുട്ടിയിലേക്ക് എത്തിച്ചേരാനുള്ള എളുപ്പ മാർഗമാണ് മുതിരപ്പുഴയാറിന് കുറുകെയുള്ള പന്നിയാർ കുട്ടി ചെറിയപാലം. തുടർച്ചയായ രണ്ടു പ്രളയങ്ങളിൽ വെള്ളത്തൂവൽ -കൊന്നത്തടി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാലം തകർന്നതോടെ പോത്തുപാറ നിവാസികൾ ഒറ്റപ്പെട്ടു. പാലത്തിലൂടെയുള്ള സാഹസിക യാത്ര തുടരാനാവില്ലന്ന് നാട്ടുകാർ പറയുന്നു.