ഇടുക്കി: ശാന്തൻപാറ പഞ്ചായത്തിലെ ആദിവാസി കുടികളിൽ അരിയും പച്ചക്കറികളും എത്തിച്ചു നൽകുകയാണ് പൊതുപ്രവർത്തകനും പഞ്ചായത്ത് അംഗവുമായ പി.ടി മുരുകൻ. കൊവിഡ് പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണിൽ ആദിവാസികൾ ദുരിതമനുഭവിക്കുന്ന സാഹചര്യത്തിലാണ് മുരുകന്‍റെ സഹായം.
ജില്ലയിൽ തന്നെ ഏറ്റവും അധികം ആദിവാസി ഊരുകളുള്ള ഗ്രാമപഞ്ചായത്താണ് ശാന്തൻപാറ. പഞ്ചായത്തിന്‍റെ രണ്ടാം വാർഡിലെ അട് വിളന്താൻ, പന്തടികളം, കോഴിപ്പന്നകുടി തുടങ്ങിയ മൂന്ന് കുടികളിലെയും ഇരുനൂറോളം കുടുംബങ്ങൾക്ക് പത്തു കിലോവീതം അരിയും പച്ചക്കറികളുമാണ് ഇദ്ദേഹം എത്തിച്ചു നൽകിയത്.
മികച്ച ക്ഷീരകർഷകനായ പി.ടി മുരുകൻ കാർഷിക മേഖലയിൽ നിന്നും ലഭിച്ച വരുമാനവും പഞ്ചായത്തിൽ നിന്നും ലഭിച്ച ഓണറേറിയവും ചേർത്ത് വെച്ചാണ് തന്‍റെ വാർഡിലെ കുടുംബങ്ങൾക്ക് സഹായമെത്തിച്ചത്. അതോടൊപ്പം തോട്ടം തൊഴിലാളികളും കൂലി തൊഴിലാളികളും അടങ്ങുന്ന അറുനൂറിലധികം വീടുകളിലും അരിയും പച്ചക്കറികളും എത്തിച്ചു നൽകി. പിടി മുരുകൻ ഇരുപത് വർഷമായി രണ്ടാം വാർഡായ പന്നിയാറിനെ പ്രതിനിധികരിക്കുന്നു.