ഇടുക്കി: പൂപ്പാറയില്‍ പന്നിയാര്‍ പുഴ കയ്യേറി അനധികൃതമായി നിര്‍മിച്ച കെട്ടിടം പൊളിച്ച് നീക്കാന്‍ ഉടമയ്ക്ക് നോട്ടിസ് നല്‍കി ശാന്തൻപാറ ഗ്രാമപഞ്ചായത്ത്. നടപടി ഇടിവി ഭാരത് വാര്‍ത്തയെ തുടര്‍ന്ന്. ഒരാഴ്‌ചയ്‌ക്കുള്ളില്‍ കെട്ടിടങ്ങള്‍ പൊളിച്ച് നീക്കണമെന്നാണ് നോട്ടിസില്‍ പറയുന്നത്.
ബിജു, താഷ്‌ക്കന്‍റ് എന്നിവരാണ് കൊച്ചി ധനുഷ്‌ക്കോടി ദേശീയപാതയോട് ചേര്‍ന്നുള്ള പന്നിയാര്‍ പുഴ പുറമ്പോക്ക് കയ്യേറി കെട്ടിടം നിര്‍മിച്ചത്. പഞ്ചായത്തിന്‍റെയോ മറ്റോ യാതൊരുവിധ അനുമതിയും ഇല്ലാതെയാണ് കെട്ടിട നിര്‍മാണം നടത്തിയത്. സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ ഗ്രാമപഞ്ചായത്തും റവന്യൂ ഡിപ്പാര്‍ട്ട്മെന്‍റും നിര്‍മാണം നിര്‍ത്തി വയ്‌ക്കാന്‍ ഉത്തരവിട്ടിരുന്നെങ്കിലും നിര്‍മാണം നിര്‍ത്തി വച്ചിരുന്നില്ല. ഉത്തരവ് ലംഘിച്ചുള്ള നിര്‍മാണം ഇടിവി ഭാരത് വാര്‍ത്തയാക്കിയതോടെയാണ് വിഷയത്തില്‍ ദേവികുളം സബ് കലക്‌ടറുടെ അടിയന്തരമായ ഇടപെടലുണ്ടായത്.
പുഴ പുറമ്പോക്കിലെ അനധികൃത കെട്ടിടം പൊളിച്ച് നീക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ കലക്‌ടര്‍ പഞ്ചായത്ത് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി. നവംബര്‍ 17ന് മുമ്പ് കെട്ടിടം പൊളിച്ച് മാറ്റിയില്ലെങ്കില്‍ പൊലീസിന്‍റെയും റവന്യൂ വകുപ്പിന്‍റെയും മേല്‍നോട്ടത്തില്‍ പഞ്ചായത്ത് അനധികൃത നിർമാണം പൊളിച്ച് നീക്കുമെന്നും നോട്ടിസില്‍ വ്യക്തമാക്കി.