ഇടുക്കി: പ്രതിദിനം കൊവിഡ് രോഗികളുടെ എണ്ണം വർധിക്കുമ്പോൾ കൃത്യതയാർന്ന പ്രവർത്തനങ്ങളിലൂടെ കൊവിഡ് വ്യാപനത്തെ പിടിച്ചു കെട്ടിയിരിക്കുകയാണ് പാമ്പാടുംപാറ ഗ്രാമപഞ്ചായത്ത്. ജില്ലയിലെ ഏറ്റവും ഉയർന്ന പോസിറ്റിവിറ്റി നിരക്ക് ഉണ്ടായിരുന്ന പാമ്പാടുംപാറ ഗ്രാമപഞ്ചായത്തിൽ ഒരുമാസത്തെ ചിട്ടയായ പ്രവർത്തനങ്ങളിലൂടെയാണ് കൊവിഡിനെ നിയന്ത്രണ വിധേയമാക്കാനായത്. ഇപ്പോൾ 10 ശതമാനത്തിൽ താഴെ മാത്രമാണ് പോസിറ്റിവിറ്റി നിരക്ക്.
മെയ് ആദ്യവാരം 480 കൊവിഡ് രോഗികളായിരുന്നു പാമ്പാടുംപാറ ഗ്രാമപഞ്ചായത്തിൽ ഉണ്ടായിരുന്നത്. സംസ്ഥാനത്തെ ശരാശരിയുമായി നോക്കുമ്പോൾ 60 ശതമാനത്തിന് മുകളിലായിരുന്നു പോസിറ്റിവിറ്റി നിരക്ക്. തോട്ടം മേഖലയിലും ആളുകൾ കൂട്ടമായി തിങ്ങിപ്പാർക്കുന്ന കോളനികളിലുമായിരുന്നു രോഗവ്യാപനം കൂടുതൽ. നാല് ക്ലസ്‌റ്ററുകളും ഏഴ് കണ്ടെയിൻമെന്‍റ് സോണുകളും പഞ്ചായത്തിൽ മാത്രം രൂപപ്പെട്ടിരുന്നു. ഇവയെല്ലാം പൂർണമായും ഇല്ലാതാക്കാൻ കൃത്യതയാർന്ന പ്രവർത്തനങ്ങളിലൂടെയാണ് സാധിച്ചത്. ആരോഗ്യപ്രവർത്തകർ, ആശ പ്രവർത്തകർ, ജനപ്രതിനിധികൾ, ജാഗ്രത സമിതികൾ, അംഗനവാടി ജീവനക്കാർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രവർത്തനങ്ങൾ.
കൊവിഡ് ബാധിച്ച ആളുകൾക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിലായിരുന്നു ആദ്യം ശ്രദ്ധ കേന്ദ്രീകരിച്ചത്. ആശുപത്രികളിൽ എത്തുന്നതിനും മറ്റ് ആവശ്യങ്ങൾക്കുമായി 24 മണിക്കൂറും അഞ്ച് എമർജൻസി വാഹനങ്ങൾ പഞ്ചായത്തിൽ തയ്യാറാക്കിയിരുന്നു. വീടുകളിൽ സൗകര്യങ്ങൾ കുറഞ്ഞ രോഗികൾക്ക് വട്ടപ്പാറയിൽ ഡി.സി.സി സെന്‍റർ ആരംഭിച്ചു. 35 രോഗികളായിരുന്നു ഇവിടെ ഉണ്ടായിരുന്നത്. പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നിന്നും ആയുർവേദ ആശുപത്രിയിൽ നിന്നും ഡോക്‌ടർമാരുടെ നിർദേശ പ്രകാരമുള്ള മരുന്നുകൾ ജാഗ്രത സമിതി പ്രവർത്തകരുടെ നേതൃത്വത്തിൽ വീടുകളിൽ എത്തിച്ചു നൽകി. ജനകീയ ഹോട്ടലിൽ നിന്നും ഭക്ഷണം എല്ലാവർക്കും നൽകുന്നതിലും വൻവിജയമാണ് പഞ്ചായത്ത് കൈവരിച്ചത്. കൂടാതെ അടിയന്തര സാഹചര്യങ്ങൾ നേരിടാനായി എല്ലാ വാർഡുകളിലും പി.പി.ഇ കിറ്റുകളും എത്തിച്ചിരുന്നു. 16 വാർഡുകളിലും ഓക്‌സീമീറ്റർ, വാക്‌സിൻ സൗകര്യം തുടങ്ങിയവ ലഭ്യമാക്കി.
മുണ്ടിയെരുമ കുടുംബ ആരോഗ്യ കേന്ദ്രം, പാമ്പാടുംപാറ പി.എച്ച്.സി എന്നിവിടങ്ങളിലെ ഡോക്‌ടർമാരുടെ കൃത്യതയാർന്ന സേവനവും ഒറ്റ മാസത്തിനുള്ളിൽ പഞ്ചായത്തിൽ കൊവിഡിനെ നിയന്ത്രണ വിധേയമാക്കാൻ സഹായകമായി.