ഇടുക്കി: കേരള-തമിഴ്‌നാട് അതിര്‍ത്തിയായ ബോഡിമേട്ടില്‍ നിന്നും ഇരുപത് കിലോമീറ്റര്‍ ചുരമിറങ്ങിയാല്‍ ബോഡി നായ്ക്കന്നൂർ എന്ന കാര്‍ഷിക ഗ്രാമത്തിലെത്താം. കൊച്ചി-ധനുഷ്‌കോടി ദേശീയപാതയുടെ ഇരുവശത്തുമായി പരന്നു കിടക്കുന്ന ഈ പ്രദേശം കാർഷിക സമൃദ്ധിയുടെ നിറകുടമാണ്. പലവിധ കാരണങ്ങള്‍ കൊണ്ട് മലയോര മണ്ണിൽ നിന്നും നെല്‍കൃഷി പടിയിറങ്ങുമ്പോള്‍ പതിറ്റാണ്ടുകളായി ഇവിടുത്തെ കർഷകർ നെല്‍കൃഷി മുടങ്ങാതെ മുന്നോട്ട് കൊണ്ടുപോകുന്നു. കുരങ്ങണി മലനിരകളിൽ നിന്നും ഒഴുകിയെത്തുന്ന അരുവിയാണ് ജലസേജനത്തിനുള്ള ഏക ആശ്രയം. പൂര്‍വികന്മാര്‍ പകര്‍ന്ന് നല്‍കിയ കാര്‍ഷിക സംസ്‌ക്കാരം ഇന്നും തുടര്‍ന്നു വരുന്നു.
അതേസമയം കൃഷിക്ക് ആവശ്യമായ സഹായം സര്‍ക്കാരില്‍ നിന്നും ലഭിക്കുന്നില്ലെന്നാണ് കർഷകരുടെ പരാതി. നെല്‍കൃഷിക്കൊപ്പം ഇടതൂര്‍ന്ന് നില്‍ക്കുന്ന കേരവൃക്ഷങ്ങളും ഇവിടെത്തെ മനോഹര കാഴ്ചയാണ്. മുമ്പ് കേരളത്തില്‍ നിന്ന് നാളികേരങ്ങള്‍ ബോഡിമേട്ടിലേക്ക് കയറ്റി അയച്ചിരുന്നു. എന്നാല്‍ ഇന്ന് ബോഡിമേട്ടില്‍ നിന്നും കേരളത്തിലേക്ക് നാളികേരം എത്തുന്നു. സീസണ്‍ അനുസരിച്ച് നിരവധി ഫലവൃക്ഷങ്ങളും പച്ചക്കറികളും ഇവിടെ കൃഷി ചെയ്യുന്നുണ്ട്.