ഇടുക്കി : മലയോര മേഖലയുടെ വികസനത്തിനായി ഇടുക്കി ജില്ല വിഭജിച്ച് മൂവാറ്റുപുഴ ജില്ല രൂപീകരിക്കണമെന്നാവശ്യം. ഉടുമ്പന്‍ചോല, പീരുമേട്, ഇടുക്കി, ദേവികുളം താലുക്കുകള്‍ ഇടുക്കിയില്‍ നിലനിര്‍ത്തി തൊടുപുഴ, മൂവാറ്റുപുഴ, കോതമംഗലം, പാലാ തുടങ്ങിയ താലൂക്കുകള്‍ ഉള്‍പ്പെടുത്തി പുതിയ ജില്ല വേണമെന്നാണ് ആവശ്യം.
ലൗ ആൻഡ് പീസ് ട്രസ്റ്റ് ഓഫ് ഇന്ത്യ, ഹൈറേഞ്ച് വികസന കൂട്ടായ്‌മ, പീപ്പിള്‍ ഓഫ് ഹൈറേഞ്ച് എന്നീ സംഘടനകളാണ് പുതിയ ജില്ല എന്ന ആവശ്യം ഉന്നയിച്ചിരിക്കുന്നത്.
ഹൈറേഞ്ചിലെ അവികസിത മേഖലകള്‍ക്കായി ഒരു ജില്ല എന്ന ആവശ്യമാണ് ഇടുക്കി ജില്ലയുടെ രൂപീകരണത്തില്‍ അവസാനിച്ചത്. എന്നാല്‍ ലോറേഞ്ച് ആയ തൊടുപുഴ താലൂക്ക് കൂടി ജില്ലയില്‍ ഉള്‍പ്പെട്ടതോടെ, പ്രധാന സര്‍ക്കാര്‍ ഓഫീസുകളില്‍ ഭൂരിഭാഗവും തൊടുപുഴയിലായി.
വികസനം എത്തുന്നില്ല
ഹൈറേഞ്ചില്‍ നടപ്പാക്കേണ്ട വികസന പദ്ധതികളില്‍ പലതും വികസിത മേഖലയായ തൊടുപുഴയില്‍ കേന്ദ്രീകരിക്കുന്നതായും ആക്ഷേപമുണ്ട്.
നെടുങ്കണ്ടം, കുമളി, മറയൂര്‍, വട്ടവട മേഖലകളില്‍ നിന്ന് വിവിധ ആവശ്യങ്ങള്‍ക്കായി തൊടുപുഴയില്‍ എത്തണമെങ്കില്‍ നൂറിലധികം കിലോമീറ്ററുകള്‍ സഞ്ചരിക്കണം. ജില്ലയെ വിഭജിച്ച്, ഹൈറേഞ്ചിലെ പ്രധാന പട്ടണങ്ങളിലേക്കും, ജില്ലാ ആസ്ഥാനത്തേക്കുമായി സര്‍ക്കാര്‍ ഓഫിസുകള്‍ മാറ്റണമെന്ന് കാലങ്ങളായി ഉയരുന്ന ആവശ്യമാണ്.
ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളെ വിഭജിച്ച് മൂവാറ്റുപഴ കേന്ദ്രീകരിച്ച് പുതിയ ജില്ല രൂപീകരിച്ചാല്‍, ഹൈറേഞ്ചിന്‍റെ സമഗ്ര വികസനം കൂടി സാധ്യമാകുമെന്നാണ് സംഘടനകളുടെ പ്രതീക്ഷ.