ഇടുക്കി: ഹൈറേഞ്ചിൽ ഓറഞ്ചിന്‍റെ വിളവെടുപ്പുകാലം. വിപണി ഇല്ലാത്തതിനാൽ ഇത്തവണ ഓറഞ്ച് തോട്ടങ്ങൾ കരാറെടുത്തവർ കനത്ത തിരിച്ചടിയാണ് നേരിടുന്നത്. തികച്ചും ജൈവികമായ രീതിയിൽ ഏറ്റവും കൂടുതൽ മധുരമുള്ള ഓറഞ്ച് ഉത്പാദിപ്പിക്കുന്ന മേഖലയാണ് ആനയിറങ്കൽ പെരിയ കനാൽ പ്രദേശം.
സ്വകാര്യ കമ്പനിയുടെ തേയില കാടുകൾക്കിടയിൽ നട്ടുവളർത്തിയിരിക്കുന്ന ഓറഞ്ച് മരങ്ങൾ തൊഴിലാളികൾക്ക് തന്നെ കരാർ നൽകുകയാണ് ചെയ്യുന്നത്. കരാർ എടുക്കുന്നവർ വിളവെടുക്കുന്ന ഓറഞ്ച് തമിഴ്നാട്ടിൽ എത്തിച്ചും വഴിയോര കച്ചവടം നടത്തിയുമാണ് വിറ്റഴിക്കുന്നത്. എന്നാൽ ഇത്തവണ കൊവിഡ് പ്രതിസന്ധിയിൽ സഞ്ചാരികൾ എത്താത്തതും ഓറഞ്ച് വിളവെടുത്ത് കയറ്റി അയക്കാൻ കഴിയാത്തതും കനത്ത തിരിച്ചടിയായി.
ഗ്യാപ് റോഡ് നിർമ്മാണം നടക്കുന്നതിനാൽ ഗതാഗതം ഇല്ലാത്തതാണ് സഞ്ചാരികൾ ഇവിടേക്ക് എത്താത്തതിന് കാരണം. ഇതോടെ കരാറുകാർ കടുത്ത പ്രതിസന്ധിയിലും കടക്കെണിയിലുമാണ്. മുൻവർഷങ്ങളിൽ ഓറഞ്ചിന് നല്ല വില ലഭിച്ചിരുന്നതാണ്. എന്നാൽ ഇത്തവണ കിട്ടുന്ന വിലയ്ക്ക് വിറ്റഴിക്കുകയാണ് ചെയ്യുന്നത്. മുടക്കുമുതലിന്‍റെ പകുതി പോലും തിരിച്ചു കിട്ടാത്ത അവസ്ഥയാണുള്ളതെന്ന് ഇവർ പറയുന്നു.