ഇടുക്കി: ജില്ലയില്‍ വീണ്ടും കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്‌തു. രാജാക്കാട് സ്വദേശി ചാത്തൻപുരയിടത്തിൽ സി.വി വിജയനാണ് മരിച്ചത്. ക്യാന്‍സര്‍ ബാധിതനായ ഇദ്ദേഹം എറണാകുളം ലേക്‌ഷോര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ജൂലായ് 10ന് ശരീരത്തില്‍ സോഡിയത്തിന്‍റെ അളവ് കുറഞ്ഞതിനെ തുടര്‍ന്ന് കുഴഞ്ഞ് വീണു. രാവിലെ എഴ് മണിക്ക് രാജാക്കാട്ടെ സ്വകാര്യ ആശുപത്രിയിലും പിന്നീട് ലേക്‌ഷോര്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ആശുപത്രിയിലെ 513-ാം മുറിയിലാണ് ഇദ്ദേഹത്തെ പ്രവേശിപ്പിച്ചത്. അടുത്തുള്ള 515-ാം നമ്പര്‍ മുറിയിലെ രോഗിയോടൊപ്പമുണ്ടായിരുന്ന ബൈസ്റ്റാന്‍ഡര്‍ ക്വാറന്‍റൈനില്‍ കഴിഞ്ഞിരുന്ന ആളായിരുന്നെന്നും ഇയാള്‍ വഴി ആശുപത്രിയിലെ നാല് നേഴ്‌സുമാര്‍ക്ക് രോഗം ബാധിച്ചതായും സൂചനയുണ്ട്. വിജയന് പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കളമശ്ശേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിരുന്നെങ്കിലും രാത്രിയോടെ മരിച്ചു.