ഇടുക്കി: പെട്ടിമുടി ദുരന്തം നടന്നിട്ട് ഇന്നേയ്ക്ക് ഒരുമാസം... കണ്ണീരുണങ്ങാത്ത ദുരന്തഭൂമിയില്‍ നിന്ന് ഇനിയും കണ്ടെത്താനുള്ളത് നാല് പേരെ കൂടിയാണ്. കഴിഞ്ഞ ഓഗസ്റ്റ് ആറിന് രാത്രി പത്തുമണിയോടെയായിരുന്നു പെട്ടിമുടിയില്‍ ഉരുള്‍പൊട്ടിയത്. ദിവസങ്ങൾ നീണ്ടുനിന്ന കനത്ത മഴയില്‍ തീര്‍ത്തും ഒറ്റപ്പെട്ടിരുന്നു പെട്ടിമുടി. മൂന്ന് ദിവസത്തോളം വാര്‍ത്താവിനിമിയം നിശ്ചലമായതോടെ ദുരന്തവിവരം പുറംലോകമറിയാനും വൈകി. പിറ്റേന്ന് ഏഴിന് രാവിലെ തൊഴിലാളി ലയങ്ങളിൽ ഉള്ളവരാണ് ആദ്യം വിവരം അറിയിച്ചത്. പുലര്‍ച്ചയോടെ ഏവരെയും നടുക്കി ദുരന്തവാര്‍ത്ത മാധ്യമങ്ങളിലൂടെ പുറത്തുവന്നു. പിന്നീട് നടന്നത് കേരളത്തിന്‍റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ രക്ഷാപ്രവര്‍ത്തനമായിരുന്നു.
ആകെ 82 പേര്‍ ദുരന്തത്തില്‍ അകപ്പെട്ടു. പലരും മണിക്കൂറുകളോളം ജീവനുവേണ്ടി പൊരുതി ചെളിയിലാഴ്ന്നു കിടന്നു. ഒടുവില്‍ മണ്ണിൽ പൊതിഞ്ഞ 12 പേരെ ജീവനോടെ രക്ഷപ്പെടുത്തി. വെള്ളക്കെട്ടിലും ചെളിയിലും ഏറെ സാഹസികത നിറഞ്ഞ രക്ഷാപ്രവര്‍ത്തനം. ഒരു പ്രകൃതി ദുരന്തത്തില്‍ ഇത്രയധികം മനുഷ്യ ജീവനുകള്‍ ഒരുമിച്ച് ഇല്ലാതാകുന്ന വേദനാജനകമായ കാഴ്ചകള്‍. മണ്ണില്‍ നിന്ന് ജീവനില്ലാത്ത മൃതദേഹങ്ങള്‍ കണ്ടെത്തുന്ന രക്ഷാദൗത്യ സംഘങ്ങള്‍. കനത്ത മഴയിലും പ്രതികൂല കാലാവസ്ഥയിലും ദിവസങ്ങൾ നീണ്ട രക്ഷാപ്രവര്‍ത്തനത്തിന് ഒടുവില്‍ 66 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. സ്വര്‍ഗഭൂമിയായിരുന്ന പെട്ടിമുടി ഒറ്റ രാത്രി കൊണ്ട് ദുരന്തഭൂമിയായി മാറി.