ഇടുക്കി: മൂന്നാര്‍ കന്നിമല ലോവര്‍ ഡിവിഷനിലുണ്ടായ കത്തികുത്തില്‍ ഒരാള്‍ക്ക് പരിക്ക്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിയില്‍ എടുത്തതായി മൂന്നാര്‍ പൊലീസ് അറിയിച്ചു. മൂന്നാര്‍ ഗ്രാമപഞ്ചായത്തംഗത്തിന്‍റെ ബന്ധുവായ ഡിനിലിനാണ് പരിക്കേറ്റത്.
ശനിയാഴ്ച്ച രാത്രിയിലായിരുന്നു കന്നിമല ലോവര്‍ ഡിവിഷനില്‍ കത്തികുത്തുണ്ടായത്. തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് ഗ്രാമപഞ്ചായത്തംഗമായ ജ്യോതി ആരോപിച്ചു.
അതേ സമയം പ്രദേശത്തൊരു ഉത്സവം നടന്നതായും പഞ്ചായത്തംഗത്തിന്‍റെ വീടിന് മുന്നില്‍ വാഹനം പാര്‍ക്ക് ചെയ്തതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് കത്തികുത്തില്‍ കലാശിച്ചതെന്നുമാണ് പൊലീസ് നല്‍കുന്ന വിവരം. സംഭവത്തില്‍ കാർത്തിക് എന്നായാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള മറ്റ് രണ്ട് പേരായ മനോജ്, രാജാ എന്നിവര്‍ ഒളിവിലാണെന്നും പൊലീസ് അറിയിച്ചു.