ഇടുക്കി: പൊലീസ് സ്റ്റേഷനിലിരുന്ന് കുടുംബ സമേതം കള്ളുകുടിക്കുന്നതിനെ കുറിച്ച് എപ്പോഴെങ്കിലും ആലോചിച്ചുണ്ടോ.. അങ്ങനെയൊരു ആഗ്രഹം ശേഷിക്കുന്നുണ്ടെങ്കില്‍ കൂടുതലൊന്നും ആലോചിക്കാനില്ല... നേരെ ഇടുക്കി ജില്ലയില്‍ തമിഴ്‌നാട് അതിർത്തിയോട് ചേർന്നുള്ള കമ്പംമെട്ടിലേക്ക് പോന്നോളൂ...
അതിന് മുൻപ് കുറച്ച് ചരിത്രം പറയാം...
1980ൽ ടികെ രാമകൃഷ്‌ണൻ ആഭ്യന്തരമന്ത്രി ആയിരുന്നപ്പോഴാണ് കേരള, തമിഴ്‌നാട് അതിർത്തിയിൽ പൊലീസ് സ്റ്റേഷൻ അനുവദിച്ചത്. ഒരു എസ്ഐയും നാല് പൊലീസുകാരുമുള്ള ഒരു കൊച്ചു സ്റ്റേഷന്‍. കല്‍ക്കുമ്മായം തേച്ച് ഓടുമേഞ്ഞ പ്രദേശത്തെ ഏക കെട്ടിടം അന്നത്തെ ആ പൊലീസ് സ്റ്റേഷനായിരുന്നു. പൊലീസ് സ്റ്റേഷനു മുന്നില്‍ ഇന്നുകാണുന്ന കമ്പം, കമ്പംമെട്ട്, പുളിയന്‍മല റോഡ് അന്ന് കാളവണ്ടിയുടെ വലിയ ചക്രങ്ങള്‍ താഴ്‌ന്നു പോകുന്ന മണ്‍പാതയായിരുന്നു. പൊലീസ് ജീപ്പൊക്കെ വരുന്നത് പിന്നീട് വര്‍ഷങ്ങള്‍ ഒരുപാട് കഴിഞ്ഞാണ്.
ഇനി പുതിയ കഥ പറയാം...
പുതിയ പൊലീസ് സ്റ്റേഷന്‍ വന്നതോടെ കെട്ടിടത്തിന്‍റെ ഉടമ പഴയ സ്റ്റേഷന്‍ പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം കള്ളു ഷാപ്പ് നടത്താനായി കൈമാറി. പൊലീസ് സ്റ്റേഷന്‍ എന്നെഴുതിയിരുന്ന ബോര്‍ഡിന് പകരം കള്ള് ഷാപ്പ് എന്ന ബോര്‍ഡ് സ്ഥാനം പിടിച്ചു. പഴയ പൊലീസ് സ്റ്റേഷന്‍ കുടുംബമായെത്തി ഭക്ഷണം കഴിക്കാവുന്ന മാതൃക കള്ളു ഷാപ്പായി മാറി.
ഇവിടെ വരുന്നവർ ശ്രദ്ധിക്കാൻ ഒരു കാര്യം കൂടി പറയാം....
പൊലീസ് സ്റ്റേഷൻ കള്ളുഷാപ്പ് ആയെന്ന് കരുതി നിയമങ്ങൾക്കൊന്നും മാറ്റമില്ല. പാട്ടുപാടിയും ബഹളമുണ്ടാക്കിയും മറ്റുള്ളവരെ ശല്യം ചെയ്യരുത്, അലമ്പുണ്ടാക്കരുത്, തോന്നുന്നിടത്തൊക്കെ തുപ്പരുത് അങ്ങനെ പോകുന്നു നിയമങ്ങൾ.. ഈ മുറിയില്‍ പൊലീസിന്‍റെ ഇടി വാങ്ങിയവരൊക്കെ അതേ മുറിയിലിരുന്ന് കള്ളു കുടിക്കുന്ന കാഴ്‌ച മാത്രമല്ല, രുചിയേറും ഭക്ഷണവും കള്ളുംകുടിച്ച് ഇടുക്കിയുടെ മലയിറങ്ങുമ്പോൾ അവിടെ തല ഉയർത്തി നില്‍ക്കുന്നുണ്ട് കള്ളുഷാപ്പായി മാറിയ പഴയ പൊലീസ് സ്റ്റേഷൻ.