ഇടുക്കി: ജില്ലയിലെ അതിര്‍ത്തി മേഖലയില്‍ ഉള്ളവര്‍, വിവിധ ആവശ്യങ്ങള്‍ക്ക്, കൂടുതലായി ആശ്രയിക്കുന്നത് തമിഴ്‌നാട്ടിലെ പട്ടണങ്ങളെയാണ്. വ്യാപര, തൊഴില്‍ ആവശ്യങ്ങള്‍ക്കായി, ഇരു സംസ്ഥാനങ്ങളിലേയ്ക്കും ദിവസേന യാത്ര ചെയ്യുന്നത് ആയിരകണക്കിന് ആളുകളാണ്. മൂന്നാര്‍, നെടുങ്കണ്ടം, കട്ടപ്പന, കുമളി മേഖലകളില്‍ നിന്നും തമിഴ്‌നാട്ടിലെ കമ്പം, തേനി, ബോഡിനായ്ക്കന്നൂര്‍ പ്രദേശങ്ങളിലേയ്ക്കുള്ള ബസ് സര്‍വീസുകളെയാണ് യാത്രക്കാര്‍ ആശ്രയിച്ചിരുന്നത്.
കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന്, അവസാനിപ്പിച്ച സര്‍വീസുകള്‍ പുനരാരംഭിയ്ക്കാന്‍, ഇരു സംസ്ഥാനങ്ങളും നടപടി സ്വീകരിച്ചിട്ടില്ല. കെഎസ്ആര്‍ടിസിയുടേയും തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍റേയുമായി 20ലധികം ബസുകള്‍ മൂന്നാറില്‍ നിന്നും സര്‍വീസ് നടത്തിയിരുന്നു.
നെടുങ്കണ്ടത്ത് നിന്നും കമ്പം, തേനി, തേവാരം മേഖലകളിലേയ്ക്കായി തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍റെ 10 ട്രിപ്പുകളാണ് ഉണ്ടായിരുന്നത്. കട്ടപ്പന- കമ്പം റൂട്ടില്‍ ഓടിയിരുന്ന കെഎസ്ആര്‍ടിസിയുടെ ഒന്‍പത് ട്രിപ്പുകളും മികച്ച വരുമാനവും നേടിയിരുന്നു.
മൂന്നാറില്‍ നിന്നും തമിഴ്‌നാട്ടിലെ ബോഡിനായ്ക്കന്നൂരിലേയ്ക്കുള്ള ഒരു സ്വകാര്യ ബസ് മാത്രമാണ് നിലവില്‍ സര്‍വീസ് പുനരാരംഭിച്ചിരിക്കുന്നത്. എന്നാല്‍ പൂപ്പാറ, നെടുങ്കണ്ടം മേഖലകളിലേയ്ക്ക് സമാന്തര വാഹനങ്ങള്‍ സര്‍വീസ് നടത്തുന്നുണ്ടെങ്കിലും ബസ് സര്‍വീസുകള്‍ പുനരാരംഭിയ്ക്കാന്‍ നടപടി ഉണ്ടായിട്ടില്ല. ഇതോടെ ചികിത്സാ ആവശ്യങ്ങള്‍ക്കായി തേനി മെഡിക്കല്‍ കോളജിനെ ആശ്രയിച്ചിരുന്നവരുള്‍പ്പെടെ ഏറെ ബുദ്ധിമുട്ടിലാണ്.