ഇടുക്കി: തീപ്പെട്ടിക്കൊള്ളികള്‍ കൊണ്ട് മനോഹര ചിത്രവും ഒരുക്കാമെന്ന് തെളിയിച്ചിരിക്കുകയാണ് ഇടുക്കി തൂക്കുപാലം സ്വദേശിയായ നിശാന്ത്. ഒന്നര ലക്ഷത്തോളം തീപ്പെട്ടിക്കൊള്ളികള്‍ ചേര്‍ത്തുവച്ച് വ്യവസായ പ്രമുഖനായ യൂസഫലിയുടെ ചിത്രമാണ് നിശാന്ത് ഒരുക്കിയത്. സ്‌ക്രൂ ക്യാന്‍വാസില്‍ ഒരുക്കിയ സുരേഷ് ഗോപി ചിത്രം ഉള്‍പ്പെടെ, ചിത്രരചനയില്‍ വൈവിധ്യമാര്‍ന്ന രീതികൾ പരീക്ഷിച്ച് ഇതിനോടകം നിശാന്ത് ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്.
ഓരോ തീപ്പെട്ടിക്കൊള്ളിയും ശ്രദ്ധാപൂർവം ചേര്‍ത്തുവച്ചാണ്, പെയിന്‍റിങ്ങിനെ പോലും അതിശയിപ്പിയിക്കുന്ന തരത്തില്‍ നിശാന്ത് യൂസഫലി ചിത്രം ഒരുക്കിയത്. ഇതിനായി സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലെ മുഴുവന്‍ തീപ്പെട്ടികളും വാങ്ങി. എന്നിട്ടും തികയാതെ വന്നതോടെ സഹോദരിയുടെ സഹായത്തോടെ കോട്ടയത്ത് നിന്നും തീപ്പെട്ടികള്‍ എത്തിച്ചു.
തീപ്പെട്ടിക്കൊള്ളികള്‍ കൃത്യമായ അനുപാതത്തില്‍ മുറിച്ചെടുത്ത ശേഷം ഫ്‌ളക്‌സ് ക്യുക്ക് ഉപയോഗിച്ചാണ് അവ ക്യാന്‍വാസില്‍ ഒട്ടിച്ച് ചേര്‍ത്തത്. ചിത്രം പൂർത്തീകരിക്കാൻ 50 ദിവസങ്ങൾ വേണ്ടിവന്നു. തുടര്‍ച്ചയായി ഫ്‌ളക്‌സ് ക്യുക്കിന്‍റെ മണം ശ്വസിച്ചതിലൂടെ നിര്‍മാണ കാലയളവില്‍ ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടി വന്നതായും നിശാന്ത് പറയുന്നു.
ചിത്ര രചനയിലൂടെ നിശാന്ത് കണ്ടെത്തുന്ന ചെറിയ വരുമാനമാണ് കുടുംബത്തിന്‍റെ ഏക ആശ്രയം. വർഷങ്ങൾക്ക് മുമ്പ് ജോലിയ്ക്കിടെ അപകടം സംഭവിച്ചതിനെ തുടർന്ന് അരയ്ക്ക് താഴേയ്ക്ക് പൂര്‍ണമായും തളര്‍ന്ന അവസ്ഥയിലാണ്. എന്നാൽ വിധിയേകിയ തിരിച്ചടികളില്‍ തളരാതെ, നിറങ്ങള്‍ കൊണ്ട് ജീവതത്തെ നേരിടുകയാണ് ഈ യുവാവ്.
ALSO READ: Suresh Gopi| വിധി മാറി നിന്നു; 32,423 സ്ക്രൂകൊണ്ട് സുരേഷ് ഗോപിയുടെ മുഖം രൂപപ്പെടുത്തി