ഇടുക്കി : വണ്ടിപ്പെരിയാർ മഞ്ജുമല എസ്റ്റേറ്റിൽ എട്ട് വയസുകാരിയെ അയൽവാസി പീഡിപ്പിച്ചതായി പരാതി. എസ്റ്റേറ്റിന്‍റെ ലയത്തിൽ തന്നെ താമസിക്കുന്ന തൊഴിലാളികളായ അസം സ്വദേശികളുടെ മകളാണ് പീഡിപ്പിക്കപ്പെട്ടത്. സംഭവത്തിൽ അയൽവാസിയായ അന്തോണി രാജിനെ(50) പൊലീസ് അറസ്റ്റ് ചെയ്തു.
പ്രതിയായ വണ്ടിപ്പെരിയാർ മഞ്ജുമല അപ്പർ ഡിവിഷൻ തോട്ടം തൊഴിലാളി അന്തോണി രാജ് ഓഗസ്റ്റ് 25ന് രാത്രി 9 മണിക്ക് അസം സ്വദേശികളുടെ വീട്ടിലെത്തി ഉറങ്ങിക്കിടന്ന കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.
സംഭവസമയം കുട്ടിയുടെ മാതാപിതാക്കൾ അതേ ലയത്തിൽ തന്നെയുള്ള ബന്ധുവീട്ടിലായിരുന്നു. പിന്നീട് പീഡനത്തിനിരയായ കുട്ടി മാതാപിതാക്കളെ വിവരമറിയിച്ചു.
അസം സ്വദേശികൾ സമീപവാസികളെയും എസ്റ്റേറ്റ് അധികൃതരെയും വിവരമറിയിച്ചു. അടുത്ത ദിവസം ജോലിക്കെത്തിയ പ്രതിയെ എസ്റ്റേറ്റ് അധികൃതർ അറിയിച്ചതിനെ തുടർന്ന് പൊലീസെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
പ്രതിയെ ലയത്തിലെത്തിച്ച് തെളിവെടുത്ത ശേഷം പീഡനത്തിനും കുട്ടികൾക്കെതിരായ അതിക്രമത്തിനും കേസ് രജിസ്റ്റർ ചെയ്ത് പീരുമേട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Also Read: ആത്മീയ ചികിത്സയുടെ മറവിൽ പീഡനം ; യുവാവ് അറസ്റ്റിൽ
കഴിഞ്ഞ മൂന്ന് മാസങ്ങൾക്കിടയിൽ അഞ്ചോളം പീഡനങ്ങളും കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന കേസുകളുമാണ് വണ്ടിപ്പെരിയാർ പൊലീസിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്.
എല്ലാ കേസുകളുടെയും ഇരകൾ 18ന് താഴെയുള്ള പ്രായമുള്ള പെൺകുട്ടികളാണ്. യാതൊരുവിധ സുരക്ഷയും ഇല്ലാത്ത ഒറ്റമുറി ലയങ്ങളിലെ താമസം തന്നെയാണ് ഇത്തരം അതിക്രമങ്ങൾ കൂടിവരാൻ കാരണമെന്ന് പൊലീസ് പറയുന്നു.