ഇടുക്കി : കമ്പംമെട്ട് ടൗണിലെ വനംവകുപ്പ് വക സ്ഥലത്തെ ക്വാർട്ടേഴ്‌സുകൾ കാടുകയറി നശിക്കുന്നു. ലക്ഷങ്ങൾ മുടക്കി പുതുതായി പണിത ഇന്‍റഗ്രേറ്റഡ് ചെക്ക് പോസ്റ്റ് തുറന്നുനൽകാനും വനംവകുപ്പ് അധികൃതർ തയ്യാറായിട്ടില്ല. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നടപടികൾ കമ്പംമെട്ട് ടൗണിന്‍റെ വികസനത്തിന് വിലങ്ങുതടിയാവുകയാണെന്നാണ് നാട്ടുകാരുടെ ആരോപണം.
പതിറ്റാണ്ടുകൾക്ക് മുമ്പാണ് കമ്പംമെട്ടിൽ വനംവകുപ്പിന്‍റെ ഭൂമിയിൽ നാലോളം ക്വാർട്ടേഴ്‌സുകൾ പണിതത്. തമിഴ്‌നാട് ചെക്ക്പോസ്റ്റിന് സമീപത്തായി വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് നിരീക്ഷണം നടത്തുന്നതിനായി മറ്റൊരു കെട്ടിടവും നിർമ്മിച്ചിരുന്നു. എന്നാൽ, കാലക്രമേണ ഉദ്യോഗസ്ഥർ ഈ കെട്ടിടങ്ങൾ ഉപയോഗിക്കാതെ ഉപേക്ഷിക്കുകയായിരുന്നു.
ഇതോടെ ക്വാർട്ടേഴ്‌സുകൾ ജീർണ അവസ്ഥയിലായി. അറ്റകുറ്റപ്പണികൾ നടത്തി ഉദ്യോഗസ്ഥർക്ക് താമസ സൗകര്യം ഒരുക്കണമെന്നും മുമ്പ് ആവശ്യം ഉയർന്നിരുന്നു. എന്നാൽ അധികൃതർ ചെവിക്കൊണ്ടില്ല.
ഏറ്റവും ഒടുവിലായി സംസ്ഥാന സർക്കാരിന്‍റെ പുതിയ പദ്ധതിയിൽ ഉൾപ്പെടുത്തി കമ്പംമെട്ടിൽ ലക്ഷങ്ങൾ മുടക്കി ഇന്‍റഗ്രേറ്റഡ് ചെക്ക് പോസ്റ്റ് നിർമ്മിച്ചു. പഴയ ക്വാർട്ടേഴ്‌സ് ഇടിച്ചുനിരത്തിയാണ് ചെക്ക് പോസ്റ്റ് നിർമ്മിച്ചത്. ഇത് പൂർത്തിയായി മാസങ്ങൾ പിന്നിട്ടെങ്കിലും ഇനിയും തുറന്ന് പ്രവർത്തിപ്പിക്കുവാൻ അധികൃതർ തയ്യാറായിട്ടില്ല.
കമ്പംമെട്ടിന്‍റെ വികസനത്തിന് മുതൽക്കൂട്ടാവുന്ന പദ്ധതി അധികൃതരുടെ അലംഭാവം മൂലമാണ് തുറന്ന് പ്രവർത്തിക്കാത്തത് എന്നാണ് നാട്ടുകാരുടെ ആരോപണം. അതേസമയം ലക്ഷങ്ങൾ മുടക്കിയുള്ള നിർമ്മാണ പ്രവൃത്തികളില്‍ അഴിമതിയുണ്ടെന്ന ആരോപണവും മുമ്പ് ഉയർന്നിരുന്നു. അശാസ്ത്രീയമായ രീതിയിലാണ് കെട്ടിട നിർമ്മാണം നടത്തിയിട്ടുള്ളതെന്നും, പിഡബ്ല്യുഡി റോഡ് കയ്യേറിയാണ് ചുറ്റുമതിൽ അടക്കം നിർമ്മിച്ചിട്ടുള്ളതെന്നുമായിരുന്നു ആക്ഷേപം. ഇനിയും ഉദ്ഘാടനം ചെയ്‌തിട്ടില്ലാത്ത കെട്ടിടത്തിന്‍റെ നിർമ്മാണങ്ങൾ പൊട്ടിപ്പൊളിഞ്ഞ നിലയിലാണെന്നും ആക്ഷേപമുണ്ട്.