ഇടുക്കി: കാഴ്‌ചയുടെ നീലവസന്തമൊരുക്കി ശാന്തൻപാറ പഞ്ചായത്തിലെ ശാലോം കുന്ന് മലനിരകളിൽ നീലക്കുറിഞ്ഞി പൂത്തു. രണ്ടു മാസമായി ശാന്തൻപാറ മലനിരകൾ നീലകുറിഞ്ഞിയാല്‍ സമ്പന്നമാണ്. ജൂൺ മാസത്തിൽ ശാന്തൻപാറ പഞ്ചായത്തിലെ കിഴക്കാതി മലനിരകളിൽ വ്യാപകമായി നീലകുറിഞ്ഞികൾ പൂത്തിരുന്നു.
കാലവർഷത്തിന്‍റെ വരവോടെ കുറിഞ്ഞി പൂക്കൾ നിറം മങ്ങി കൊഴിഞ്ഞു പോകുകയായിരുന്നു. മഴ മാറി മാനം തെളിഞ്ഞതോടെ നീല വിസ്‌മയം തീർത്ത് നീലകുറിഞ്ഞികൾ വീണ്ടും മൊട്ടിട്ടു. ഇടുക്കിയിലെ വിവിധ മലനിരകളിലായി പത്ത് ഏക്കറിലധികം കുറിഞ്ഞി ചെടികളാണ് ഇത്തവണ പൂവിട്ടിരിക്കുന്നത്.
also read:നിയമസഭ കയ്യാങ്കളി കേസ് : വിധി പഠിച്ച ശേഷം തുടർനടപടിയെന്ന് ഇപി ജയരാജൻ
ശാന്തൻപാറ ഫോറസ്റ്റ് ഓഫിസിന് സമീപത്ത് നിന്നും ശാലോം കുന്ന് യാക്കോബായ പള്ളിയുടെ മുൻപിലൂടെ രണ്ട് കിലോമീറ്റർ സഞ്ചരിച്ചാൽ ഈ മലമുകളിൽ എത്താം. കഴിഞ്ഞ വർഷവും ശാന്തൻപാറ പഞ്ചായത്തിന്‍റെ അതിർത്തി ഗ്രാമമായ തോണ്ടിമലയിൽ വ്യാപകമായി നീലകുറിഞ്ഞികൾ പൂത്തിരുന്നു.
ഈ കൊവിഡ് കാലത്ത് പ്രത്യാശയുടെ വർണ്ണ വസന്തം പകർന്നു നൽകുന്നതിനൊപ്പം കുറിഞ്ഞികൾ സംരക്ഷിക്കപ്പെടണമെന്ന ഓർമ്മപ്പെടുത്തൽ കൂടിയാണ് പകർന്നു നൽകുന്നത്. കൊവിഡിന്‍റെ പശ്ചാത്തലത്തിൽ സഞ്ചാരികളുടെ എണ്ണം ഇത്തവണയും മേഖലയിൽ കുറവാണ്.