ഇടുക്കി : നെടുങ്കണ്ടം ഓപ്പറേറ്റിങ് സെന്‍ററിന്‍റെ പ്രവർത്തനം ലാഭത്തിലാക്കാന്‍ നടപടികളുമായി കെഎസ്ആര്‍ടിസി. ഇതിനുമുന്നോടിയായി പുതിയ ദിർഘദൂര സര്‍വീസുകള്‍ക്ക് തുടക്കം കുറിച്ചു. കൂടാതെ ലാഭകരമായിരുന്നിട്ടും നിര്‍ത്തലാക്കിയ സര്‍വീസുകള്‍ പുനസ്ഥാപിച്ചു. ഓപ്പറേറ്റിങ് സെന്‍റർ നിര്‍ത്തലാക്കാന്‍ ശ്രമം നടക്കുന്നതായി ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടികൾ.
നെടുങ്കണ്ടത്ത് നിന്നും കണ്ണൂരിലെ പാലക്കയംതട്ടിലേയ്ക്ക് പുതിയ സൂപ്പര്‍ ഫാസ്റ്റ് സര്‍വീസും ആരംഭിച്ചു. ഇടുക്കിയിലെ ടൂറിസം മേഖലകളിലേയ്ക്ക് എത്തുന്ന സഞ്ചാരികള്‍ക്ക് ഗുണകരമാകുന്ന തരത്തിലാണ് സര്‍വീസ് ക്രമീകരണം.
നെടുങ്കണ്ടം കെഎസ്ആര്‍ടിസി ഓപ്പറേറ്റിങ് സെന്‍ററിൽ നിന്നുള്ള സര്‍വീസുകളുടെ എണ്ണം ഒന്‍പതായി വെട്ടിച്ചുരുക്കിയതോടെയാണ് സെന്‍റർ നിര്‍ത്തലാക്കാനുള്ള ഗൂഢനീക്കം നടക്കുന്നതായി ആരോപണം ഉയര്‍ന്നത്.
മുമ്പ് 21 സര്‍വീസുകള്‍ ഉണ്ടായിരുന്നു. മികച്ച ലാഭത്തില്‍ ഓടിയിരുന്ന പല ദീര്‍ഘദൂര സര്‍വീസുകളും നിര്‍ത്തലാക്കിയിരുന്നു. ഇതേ തുടര്‍ന്ന് പൊതുജനം പ്രതിഷേധം ഉയര്‍ത്തിയതോടെയാണ് സെന്‍ററിന്‍റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ കോര്‍പ്പറേഷന്‍ നടപടി ആരംഭിച്ചത്.
ALSO READ: കേന്ദ്രത്തിന്‍റെ പഴയ വാഹനം പൊളിക്കൽ നയം ബസ് വ്യവസായത്തെ തകർക്കുമെന്ന് ബസ് ഉടമകൾ
ഓപ്പറേറ്റിങ് സെന്‍ററിനായി പഞ്ചായത്ത് വിട്ടുകൊടുത്ത സ്ഥലത്ത് നിലവില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. ഡിപ്പോയ്ക്കാവശ്യമായ മറ്റ് നിര്‍മാണ ജോലികളും ഘട്ടംഘട്ടമായി പൂര്‍ത്തീകരിയ്ക്കുമെന്നാണ് ജനപ്രതിനിധികള്‍ വ്യക്തമാക്കുന്നത്. ഗ്രാമീണ മേഖലകളെ കോര്‍ത്തിണക്കി കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കാനും കോർപ്പറേഷൻ തീരുമാനിച്ചിട്ടുണ്ട്.