ഇടുക്കി/കോട്ടയം: നെടുങ്കണ്ടം ഉരുട്ടിക്കൊല കേസില്‍ റീപോസ്റ്റ്‌മോർട്ടം നടത്തി. കോട്ടയം മെഡിക്കൽ കോളജിലെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ഉൾപ്പെടാത്ത നിരവധി പരിക്കുകളാണ് രാജ്‌കുമാറിന്‍റെ റീപോസ്റ്റ്‌മോർട്ടത്തിൽ കണ്ടെത്തിയത്.
നെഞ്ചിലും വയറ്റിലും തുടയുടെ പിൻഭാഗത്തുമാണ് പുതിയ പരിക്കുകൾ കണ്ടെത്തിയത്. കാലുകൾ ബലമായി അകത്തിയതിന്‍റെ പരിക്കുകളും കണ്ടെത്തി. മർദ്ദനം മരണകാരണം ആയിട്ടുണ്ടോയെന്ന് അന്തിമ റിപ്പോർട്ടില്‍ വ്യക്തമാകുവെന്ന് ജുഡീഷ്യൽ കമ്മിഷൻ അധ്യക്ഷൻ ജസ്റ്റിസ് നാരായണ കുറുപ്പ് വ്യക്തമാക്കി.
രാജ്‌കുമാറിന്‍റെ ആന്തരിക അവയവങ്ങൾ പരിശോധനക്കായി എടുത്തു. ന്യുമോണിയ സ്ഥിരീകരിക്കണമെങ്കിൽ ഇവയുടെ റിപ്പോർട്ട് ലഭിക്കണമെന്നും അദ്ദേഹം പറഞ്ഞു. നാല് മണിയോടെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ആരംഭിച്ച പോസ്റ്റ്‌മോർട്ടം ഏഴ് മണി വരെ നീണ്ടു. സീനിയർ പൊലീസ് സർജൻമാരായ പിബി ഗുജ്‌റാള്‍, കെ പ്രസന്നന്‍, ഡോ എ കെ ഉൻമേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പോസ്റ്റ്‌മോർട്ടം.
ഇതിനിടെ റീപോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ഹാജരാക്കണമെന്ന് സർക്കാരിന് ഹൈക്കോടതി നിർദേശം നൽകി. ഇതിനായി രണ്ടാഴ്ച സമയം അനുവദിച്ചു. കേസിലെ ഒന്നാം പ്രതി എസ്ഐ കെ എ സാബു സമർപ്പിച്ച ജാമ്യാപേക്ഷയിൽ സർക്കാരിനോട് വിശദീകരണം നല്‍കാനും കോടതി നിർദ്ദേശിച്ചു.