ഇടുക്കി : നെടുങ്കണ്ടത്ത്, അരിയില്‍ വണ്ടുകളെ കണ്ടെത്തിയ സംഭവത്തില്‍ റേഷന്‍ കടയുടെ പ്രവര്‍ത്തനം താത്‌കാലികമായി നിര്‍ത്തിവെപ്പിച്ച് ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ്. ഗുണവിലവാര പരിശോധനയ്ക്ക് ശേഷം സ്ഥാപനം വീണ്ടും പ്രവര്‍ത്തനം ആരംഭിയ്ക്കും. സംഭവത്തില്‍, സപ്ലൈക്കോയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി റേഷന്‍ വ്യാപാരികള്‍ രംഗത്തെത്തി.
ചൊവ്വാഴ്‌ചയാണ്, നെടുങ്കണ്ടം കിഴക്കേ കവലയിലെ റേഷന്‍ കടയില്‍ സൂക്ഷിച്ചിരുന്ന അരിയില്‍ വ്യാപകമായി വണ്ടുകളേയും ചെറുപ്രാണികളെയും കണ്ടത്. റേഷന്‍ വാങ്ങിയ ഉപഭോക്താക്കള്‍ ഇവ തിരികെ എത്തിയ്ക്കുകയായിരുന്നു. ഗോതമ്പ് ചാക്കില്‍ നിന്ന് അരിയുടേതിലേക്ക് പെരുകുകയായിരുന്നു എന്നാണ് സപ്ലൈകോ അധികൃതര്‍ നല്‍കിയ വിശദീകരണം. ഗുണനിലവാര പരിശോധനയ്ക്ക് ശേഷം മാത്രമേ കടയുടെ പ്രവര്‍ത്തനം പുനരാരംഭിയ്ക്കുകയുള്ളൂവെന്ന് ഉടുമ്പന്‍ചോല താലൂക്ക് സപ്ലൈ ഓഫിസര്‍ ഇ.എച്ച് ഹനീഫ അറിയിച്ചു.
ALSO READ| നെടുങ്കണ്ടത്ത് റേഷനരിയില്‍ വണ്ടുകൾ ; അന്വേഷണം നടത്തുമെന്ന് സപ്ലൈകോ
അതേസമയം, പഴകിയ റേഷന്‍ സാധനങ്ങളാണ് സപ്ലൈകോ വിതരണം ചെയ്‌തതെന്നാണ് റേഷന്‍ വ്യാപാരികളുടെ ആരോപണം. മുന്‍പ്, നെടുങ്കണ്ടത്ത് പ്രവര്‍ത്തിച്ചിരുന്ന സപ്ലൈകോ ഗോഡൗണ്‍ വണ്ടന്‍മേട്ടിലേയ്ക്ക് മാറ്റിയിരുന്നു. ഇതിന് മുന്നോടിയായി ഗോഡൗണില്‍ അവശേഷിച്ചിരുന്ന പഴയ ഗോതമ്പും മറ്റ് ധാന്യങ്ങളും ഗുണനിലവാരം പരിശോധിയ്ക്കാതെ കടകളിലേയ്ക്ക് കയറ്റി അയയ്ക്കുകയായിരുന്നു.
ഗോതമ്പിന്‍റെ പഴക്കമാണ് വണ്ടുകള്‍ പെരുകാനും അരിച്ചാക്കുകളിലേയ്ക്ക് വ്യാപിയ്ക്കാനും ഇടയാക്കിയതെന്ന് വ്യാപാരികള്‍ പറയുന്നു.