ഇടുക്കി : നെടുങ്കണ്ടത്ത് പൊളിച്ച് നീക്കിയ പൊതു മാര്‍ക്കറ്റിന് പകരം സംവിധാനം ഒരുക്കാന്‍ നടപടിയായില്ല. ആധുനിക രീതിയില്‍ പുതിയ മാര്‍ക്കറ്റ് സമുച്ചയം നിര്‍മിക്കുമെന്ന പ്രഖ്യാപനത്തിലാണ് പഴയ കെട്ടിടങ്ങള്‍ പൊളിച്ച് നീക്കിയത്. പുതിയ മാര്‍ക്കറ്റിന്‍റെ നിര്‍മാണം ആരംഭിച്ചില്ലെന്ന് മാത്രമല്ല നിലവിലെ മാര്‍ക്കറ്റിന് താത്കാലിക സംവിധാനം ഒരുക്കുമെന്ന പ്രഖ്യാപനവും പാഴായി.
19 കോടി രൂപ മുതല്‍ മുടക്കില്‍ പുതിയ മാര്‍ക്കറ്റ് നിര്‍മിക്കുമെന്ന പ്രഖ്യാപനത്തെ തുടര്‍ന്നാണ് പഞ്ചായത്ത് അധികൃതര്‍ മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് പഴയ മാര്‍ക്കറ്റ് പൊളിച്ച് നീക്കിയത്. മാത്രമല്ല പുതിയ മാര്‍ക്കറ്റിന്‍റെ നിര്‍മാണ ഉദ്ഘാടനവും നടത്തി. ഞായറാഴ്‌ചയാണ് നെടുങ്കണ്ടത്തെ മാര്‍ക്കറ്റ് പ്രവര്‍ത്തിച്ചിരുന്നത്. തമിഴ്‌നാട്ടില്‍ നിന്നുള്‍പ്പടെയുള്ള വ്യാപാരികള്‍ ഞായറാഴ്‌ചകളില്‍ നെടുങ്കണ്ടത്ത് എത്തിയിരുന്നു.
മാര്‍ക്കറ്റില്‍ എല്ലാ ദിവസവും കച്ചവടം നടത്തുന്ന വ്യാപാരികള്‍ക്ക് ടൗണിന്‍റെ വിവിധയിടങ്ങളില്‍ സൗകര്യമൊരുക്കി നല്‍കി. എന്നാല്‍ നിലവില്‍ ഞായറാഴ്‌ച ചന്തയില്ലാത്തത് തോട്ടം തൊഴിലാളികളെയടക്കം പ്രതിസന്ധിയിലാക്കി.