ഇടുക്കി: പീരുമേട് ജയിലില്‍ റിമാന്‍ഡിലിരിക്കെ മരിച്ച രാജ്‍കുമാറിന്‍റെ കൂട്ടുപ്രതികളുടെ മൊഴി പുറത്ത്. രാജ്കുമാറിന്‍റെ സ്ഥാപനത്തിലെ ജീവനക്കാര്‍ മാത്രമായിരുന്നു തങ്ങളെന്ന് മനേജർ മഞ്ജു. സ്ഥാപനത്തിലെ കാര്യങ്ങള്‍ എല്ലാം നോക്കി നടത്തിയിരുന്നത് രാജ്കുമാർ എന്നും കേസിലെ മൂന്നാം പ്രതിയായ മഞ്ജു മാധ്യമങ്ങളോട് പറഞ്ഞു.
ഹരിത ഫിനാന്‍സില്‍ പണം നിക്ഷേപിച്ചവരുടെ പരാതിയെത്തുടര്‍ന്ന് രാജ്കുമാറിനൊപ്പം മഞ്ജു, ശാലിനി എന്നിവരെ നെടുങ്കണ്ടം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. റിമാന്റിലായിരുന്ന ഇരുവർക്കും കഴിഞ്ഞ ദിവസം കോടതി ജാമ്യം നൽകി. മലപ്പുറം സ്വദേശിയായ നാസറിന് എല്ലാ ദിവസവും കുമളിയിലെത്തി രാജ്കുമാർ പണം കൈമാറിയിരുന്നതായും, ക്രമക്കേടിൽ തങ്ങൾക്ക് പങ്കില്ലെന്നും മഞ്ജു പറഞ്ഞു.
നെടുങ്കണ്ടം കസ്റ്റഡി മരണം അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് പ്രത്യേക സംഘം നാലായി തിരിഞ്ഞാണ് അന്വേഷണം നടത്തുന്നത്. സംഘം രാജ്‍കുമാര്‍ പ്രതിയായ സാമ്പത്തിക തട്ടിപ്പ് കേസിനെക്കുറിച്ചും അന്വേഷണം നടത്തുന്നുണ്ട്. ജൂൺ 21-നാണ് സാമ്പത്തിക തട്ടിപ്പ് കേസില്‍ റിമാന്‍റിലായ വാഗമണ്‍ കോലാഹലമേട് സ്വദേശി രാജ്കുമാര്‍ പീരുമേട് സബ്‍ജയിലില്‍ മരിച്ചത്.