ഇടുക്കി : മൂന്നാറിൽ പണിമുടക്കിനിടെ പൊലീസും സമരാനുകൂലികളും തമ്മില്‍ ഏറ്റുമുട്ടി. സംഘര്‍ഷത്തിനിടെ ദേവികുളം എം.എല്‍.എ എ രാജയ്ക്ക് മര്‍ദനമേറ്റു. മൂന്നാർ ടൗണിൽ 12മണിയോടെയായിരുന്നു സംഭവം. പണിമുടക്കുമായി ബന്ധപ്പെട്ട പൊതുയോഗം നടത്തവെ ഇതുവഴി കടന്നുപോയ ചില വാഹനങ്ങൾ സമരാനുകൂലികൾ തടഞ്ഞു.
ഇതോടെ പൊലീസ് ഇടപെട്ട് പ്രവര്‍ത്തകരെ മാറ്റി ഗതാഗതം പുനസ്ഥാപിച്ചു. ഇതിനിടെ ചില പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയില്‍ എടുത്ത് വാഹനത്തില്‍ കയറ്റാന്‍ ശ്രമിച്ചു. ഇതോടെ എം.എല്‍.എ ഇടപെടുകയും പൊലീസിനെ തടയുകയുമായിരുന്നു.
വാക്കേറ്റം ഉന്തും തള്ളുമായി മാറി. ഇതിനിടെ പൊലീസ് എ രാജയെ മര്‍ദിച്ചെന്നാണ് ആരോപണം.എം.എല്‍.എക്ക് മര്‍ദനമേറ്റതോടെ പ്രവര്‍ത്തകര്‍ പൊലീസിനോട് കയര്‍ത്തു. നേതാക്കള്‍ ഇടപെട്ടാണ് പ്രവര്‍ത്തകരെ തടഞ്ഞത്.
Also Read: ദേശീയ പണിമുടക്ക് രണ്ടാം ദിനവും പൂര്‍ണം; തലസ്ഥാനത്തുനിന്നുള്ള കാഴ്‌ച
പരിപാടിയുടെ ഭാഗമായി വേദിയുള്‍പ്പടെയുള്ള സംവിധാനങ്ങള്‍ റോഡിലേക്ക് അല്‍പം നീങ്ങിയ നിലയിലായിരുന്നു. ശേഷം റോഡിലൂടെ കടന്നുപോകുന്ന വാഹനങ്ങള്‍ തടയാന്‍ സമരക്കാര്‍ ശ്രമിച്ചു. പൊലീസ് ഏകപക്ഷീയമായി സമരക്കാരെ മര്‍ദിക്കുകയായിരുന്നെന്ന് എ രാജ പറഞ്ഞു.