ഇടുക്കി: നെടുങ്കണ്ടം രാജ്‌കുമാര്‍ കസ്റ്റഡി മരണത്തിന്‍റെയും ഹരിതാ ഫിനാന്‍സ് തട്ടിപ്പിന്‍റെയും അന്വേഷണം അനന്തമായി നീളുന്നത് തൂക്കുപാലം സ്വദേശിയായ നാസര്‍ എന്ന വയോധികന്‍റെ ജീവിതത്തെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. നാസറിന്‍റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലാണ് ഹരിതാ ഫിനാന്‍സ് പ്രവര്‍ത്തിച്ചിരുന്നത്. ഓഫീസ് പ്രവര്‍ത്തിച്ചിരുന്ന മുറി ഉടമസ്ഥന് ഇതുവരേയും വിട്ടുകൊടുത്തിട്ടില്ല.
രാജ്‌കുമാറിന്‍റെ മരണത്തിലേയ്ക്ക് നയിച്ച മര്‍ദ്ദനം നടന്ന പൊലീസ് സ്റ്റേഷന്‍ തെളിവ് ശേഖരിയ്ക്കുന്നതിന്‍റെ ഭാഗമായി ഒരു ദിവസം പോലും അടച്ചിട്ടിട്ടില്ല. രാജ്‌കുമാറും സംഘത്തിലുണ്ടായിരുന്നവരും ഉപയോഗിച്ചിരുന്ന വീടുകൾ ഉടമസ്ഥർക്ക് വിട്ടുകൊടുത്തു. എന്നാൽ ഹരിതാ ഫിനാന്‍സ് പ്രവര്‍ത്തിച്ചിരുന്നു എന്ന കാരണത്താല്‍ തന്‍റെ കെട്ടിടം മാത്രം അടച്ചിട്ടിരിക്കുന്നത് എന്തിനാണെന്നും നാസര്‍ ചോദിക്കുന്നു.
ഹരിതാ ഫിനാന്‍സ് സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് 2019 ജൂണ്‍ 12നാണ് വാഗമണ്‍ സ്വദേശിയായ രാജ്‌കുമാര്‍ അറസ്റ്റിലാകുന്നത്. ഇതിന് ഏതാനും ദിവസം മുമ്പ് തൂക്കുപാലത്തെ ഓഫീസ് അടപ്പിച്ചിരുന്നു. 28 ദിവസം മാത്രമാണ് ഹരിതാ ഫിനാന്‍സ് നാസറിന്‍റെ ഉടമസ്ഥതിയുള്ള കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചത്. സ്ഥാപനത്തിന്‍റെ എല്ലാ രേഖകളും ഇവിടെ നിന്നും ശേഖരിച്ചിരുന്നു. നിലവില്‍ ചില ഫര്‍ണിച്ചറുകള്‍ മാത്രമാണ് കെട്ടിടത്തില്‍ ഉള്ളതെന്നും നാസർ പറയുന്നു.
വയോധികനായ നാസറിന്‍റെ ഏക വരുമാന മാര്‍ഗമായിരുന്നു തൂക്കുപാലം പുഷ്പകണ്ടം റോഡിലെ കെട്ടിടം. നിലവില്‍ കഴിഞ്ഞ ഒന്നര വര്‍ഷത്തോളമായി ഇത് അടച്ചിട്ടിരിക്കുകയാണ്. കടം മേടിച്ച് വൈദ്യുതി ബില്ലും പഞ്ചായത്ത് ടാക്‌സും അടയ്‌ക്കേണ്ട ഗതികേടിലാണ് കെട്ടിട ഉടമയായ നാസര്‍. ബാങ്കില്‍ നിന്ന് വായ്‌പയെടുത്താണ് കെട്ടിടം നിര്‍മിച്ചത്. ഈ തുക പലരില്‍ നിന്നും കടം മേടിച്ച് തിരികെ അടയ്‌ക്കേണ്ട അവസ്ഥയാണുള്ളതെന്ന് നാസര്‍ പറയുന്നു.