ഇടുക്കി: മൂന്നാർ ഗുണ്ടുമലയിൽ അതിഥി തൊഴിലാളിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികളുമായി പൊലീസ് തെളിവെടുപ്പ് നടത്തി. ജാര്‍ഖണ്ഡ് സ്വദേശികളായ ദാബുയി ചാമ്പ്യ, സഹദേവ് ലാങ് എന്നിവരെയാണ് പൊലീസ് തെളിവെടുപ്പിനെത്തിച്ചത്. കൊലപ്പെടുത്താനുപയോഗിച്ച ആയുധം മൃതദേഹം കണ്ടെത്തിയതിന്‍റെ എതിര്‍വശത്തെ പൊന്തകാട്ടിൽ നിന്നും പൊലീസ് കണ്ടെടുത്തു.
ജനുവരി 25നാണ് ജാര്‍ഖണ്ഡ് സ്വദേശിയായ സരണ്‍ സോയിയെ ഗുണ്ടുമല അപ്പര്‍ ഡിവിഷനിലെ തേയിലത്തോട്ടത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കണ്ണുകള്‍ ചൂഴ്‌ന്നെടുത്ത് അതിക്രൂരമായ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്നുള്ള അന്വേഷണത്തില്‍ സുഹൃത്തുക്കളും ജാര്‍ഖണ്ഡ് സ്വദേശികളുമായ ദാബുയി ചാമ്പ്യ, സഹദേവ് ലാങ് എന്നിവരെ സംഭവദിവസം മുതല്‍ കാണാതായതായി കണ്ടെത്തി.
Read more: മൂന്നാറില്‍ അതിഥി തൊഴിലാളി കൊല്ലപ്പെട്ട സംഭവം: സുഹൃത്തുക്കള്‍ പിടിയില്‍
തുടര്‍ന്ന് ജില്ല പൊലീസ് മേധാവി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം പ്രതികളെ കോയമ്പത്തൂരിൽ നിന്നും പിടികൂടുകയായിരുന്നു. മദ്യലഹരിയിലാണ് കൊലപാതകം നടത്തിയതെന്ന് പ്രതികള്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു.
കൊല നടന്ന ദിവസം ഉച്ചയ്ക്ക് ഇവർ മൂവരും മറ്റൊരു സുഹൃത്തായ സനീക്കും ചേർന്ന് രണ്ട് ബൈക്കുകളിൽ ഒൻപതാം മൈലിൽ താമസിക്കുന്ന സുഹൃത്തിന്‍റെ വീട്ടിലെത്തി മദ്യപിച്ചു. വൈകീട്ട് തിരിച്ച് ഗുണ്ടുമലയിലേക്ക് വരുന്നതിനിടെ സരണിന്‍റെ ബൈക്ക് സഹദേവ് ആണ് ഓടിച്ചിരുന്നത്. ഇടക്ക് ബൈക്ക് തെന്നിമറിയുകയും കേടുപാടുകളുണ്ടാവുകയും ചെയ്‌തു.
ഇതിനെ ചൊല്ലി വാക്കേറ്റമുണ്ടാകുകയും സരൺ സഹദേവിനെ അക്രമിക്കുകയും ചെയ്‌തു. ഇതേ തുടര്‍ന്ന് സരണിനെ കൊലപ്പെടുത്താന്‍ ഇരുവരും തീരുമാനിക്കുകയായിരുന്നു. പദ്ധതി പ്രകാരം, യാത്രാ മധ്യേ കൂടെയുണ്ടായിരുന്ന സനിക്കിനെ വിരട്ടിയോടിച്ചതിന് ശേഷം സഹദേവ് സരണിനെ വെട്ടിക്കൊലുപ്പെടുത്തുകയായിരുന്നു.
Read more: മൂന്നാറില്‍ ഇതര സംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ട നിലയിൽ
മരിച്ചെന്ന് ഉറപ്പ് വരുത്തിയ ശേഷം മൃതദേഹം സമീപത്തെ തേയിലത്തോട്ടത്തില്‍ ഉപേക്ഷിക്കുകയും കൊലക്ക് ഉപയോഗിച്ച കത്തി സമീപത്തെ പൊന്തക്കാട്ടിൽ വലിച്ചെറിയുകയുമായിരുന്നു. സംഭവം നടന്നതിന്‍റെ അടുത്ത ദിവസം ഇരുവരും ഗുണ്ടുമലയിൽ നിന്ന് രക്ഷപ്പെട്ടു.
ചെന്നൈയിൽ നിന്ന് ജാർഖണ്ഡിലേക്ക് ട്രെയിനിൽ പോകുന്നതിനിടെ പൊലീസ് നിരീക്ഷിക്കുന്നെന്ന് സംശയം തോന്നിയ പ്രതികൾ ഒറീസയിലെ സാമ്പൽപൂരിൽ ഇറങ്ങി മറ്റൊരു ട്രെയിനിൽ കോയമ്പത്തൂരിലേക്ക് തിരിച്ചു. അവിടെ വച്ചാണ് റയിൽവേ പൊലീസും അനേഷണ സംഘവും പ്രതികളെ പിടികൂടിയത്.