ഇടുക്കി: മൂന്നാര്‍ ഗുണ്ടുമലയില്‍ അതിഥി തൊഴിലാളി കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് അതിഥി തൊഴിലാളികള്‍ പിടിയില്‍. കൊല്ലപ്പെട്ട സരണ്‍ സോയിയുടെ സുഹൃത്തുക്കളും ജാര്‍ഖണ്ഡ് സ്വദേശികളുമായ ദാബുയി ചാമ്പ്യ, സഹദേവ് ലാങ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്. കോയമ്പത്തൂരിൽ നിന്നാണ് പ്രതികളെ പൊലീസ് പിടികൂടിയത്.
മദ്യലഹരിയിലാണ് കൊലപാതകം നടത്തിയതെന്ന് പ്രതികള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ജനുവരി 25നാണ് ജാര്‍ഖണ്ഡ് സ്വദേശിയായ സരണ്‍ സോയിയെ ഗുണ്ടുമല അപ്പര്‍ ഡിവിഷനിലെ തേയിലത്തോട്ടത്തില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. കണ്ണുകള്‍ ചൂഴ്‌ന്നെടുത്ത് അതിക്രൂരമായ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
Read more: മൂന്നാറില്‍ ഇതര സംസ്ഥാന തൊഴിലാളി കൊല്ലപ്പെട്ട നിലയിൽ
തുടര്‍ന്നുള്ള അന്വേഷണത്തില്‍ സുഹൃത്തുക്കളും ജാര്‍ഖണ്ഡ് സ്വദേശികളുമായ ദാബുയി ചാമ്പ്യ, സഹദേവ് ലാങ് എന്നിവരെ സംഭവദിവസം മുതല്‍ കാണാതായതായി കണ്ടെത്തി. ഇവര്‍ സ്വദേശത്തേക്ക് കടന്നു എന്ന വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും പൊലീസ് കോയമ്പത്തൂരിൽ നിന്നും പിടികൂടിയത്. എസ്ഐ പി.ഡി അനൂപിന്‍റെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം ആണ് പ്രതികളെ പിടികൂടിയത്.