ഇടുക്കി : മൂന്നാര്‍ ഹൈഡല്‍ പാര്‍ക്കിന് അനുമതി നിഷേധിച്ച് റവന്യൂ വകുപ്പ്. സഹകരണ ബാങ്കിന്‍റെ നേതൃത്വത്തില്‍ എന്‍ഒസി ഇല്ലാതെ നടത്തിയ നിര്‍മാണം ഇടക്കാല ഉത്തരവിന്‍റെ ലംഘനമാണെന്ന് റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറി എ.ജയതിലക് പുറത്തിറക്കിയ ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു.
സംസ്ഥാനത്ത് ഉടനീളം വരുമാനം പങ്കിടല്‍ കരാറിന്‍റെ അടിസ്ഥാനത്തിലാണ് സഹകരണ ബാങ്കുകള്‍ക്ക് ഹൈഡല്‍ ടൂറിസം പദ്ധതി അനുവദിച്ചത്. എന്നാല്‍ മൂന്നാറില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പാടില്ലെന്ന ഹൈക്കോടതി വിധിയും സുപ്രീം കോടതി വിധിയും നിലനില്‍ക്കുന്നുണ്ട്. കൂടാതെ റോഡ്-ജലവിതരണം തുടങ്ങിയ സേവനങ്ങള്‍ക്കായുള്ള അവശ്യനിര്‍മാണമല്ല ഹൈഡല്‍ പാര്‍ക്കെന്നും അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ ഉത്തരവില്‍ പറയുന്നു.
സിപിഎം ഭരിക്കുന്ന മൂന്നാര്‍ സഹകരണ ബാങ്കിന്‍റെ നേതൃത്വത്തില്‍ 1,04,610 സ്‌ക്വയര്‍ ഫീറ്റിലാണ് ഹൈഡൽ പാര്‍ക്ക് നിര്‍മാണം നടക്കുന്നത്. ഇതിനെതിരെ കോണ്‍ഗ്രസ് നേതാവ് രാജാറാമാണ് കോടതിയെ സമീപിച്ചത്. ഇതേ തുടര്‍ന്നാണ് ജില്ല കലക്‌ടര്‍ നടപടി സ്വീകരിക്കുന്നതിന് സര്‍ക്കാര്‍ കത്ത് നല്‍കിയത്.
നിയമങ്ങള്‍ സാധാരണക്കാരന് വേണ്ടി മാത്രമാണെന്നും സിപിഎമ്മിന് ബാധകമല്ലെന്നും അതിന്‍റെ തെളിവാണ് അനുമതിയില്ലാതെ കോടികളുടെ നിര്‍മാണപ്രവര്‍ത്തനം നടത്തിയതെന്നും കെപിസിസി ജനറല്‍ സെക്രട്ടറി റോയ് കെ.പൗലോസ് ആരോപിച്ചു.
Also Read: പൊന്മുടി ഹൈഡല്‍ ടൂറിസം പദ്ധതി; രേഖകള്‍ ഹാജരാക്കാന്‍ കാണിച്ച് റവന്യൂ വകുപ്പ് നോട്ടീസ് നല്‍കി
അതേസമയം പൊന്മുടി ഉൾപ്പടെ ഭൂമി സംബന്ധമായ തര്‍ക്കത്തില്‍ ഹൈഡല്‍ ടൂറിസം പദ്ധതി പ്രതിസന്ധിയിലാണ്. കെഎസ്ഇബി പാട്ടത്തിന് നല്‍കിയ ഭൂമി തങ്ങളുടേതാണെന്ന് തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കാൻ റവന്യൂ വകുപ്പ് നിര്‍ദേശം നല്‍കിയിട്ടും ഹാജരാക്കാന്‍ കെഎസ്ഇബിക്ക് ഇതുവരെ സാധിച്ചിട്ടില്ല. അതുകൊണ്ട് തന്നെ വിശദമായ പരിശോധനയ്ക്ക് ശേഷം ഈ ഭൂമിയും ഏറ്റെടുക്കുന്നതിനുള്ള നടപടികളും ആരംഭിക്കും.