ഇടുക്കി : ഹോസ്‌റ്റലില്‍ താമസിച്ച് പഠനം നടത്തുന്ന വിദ്യാര്‍ഥിനികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം. ഹോസ്‌റ്റല്‍ കെട്ടിടം രാത്രിയില്‍ പുറത്തുനിന്ന് പൂട്ടിയിടുന്നുവെന്നും ശുചിമുറികളുടേത് ശോചനീയാവസ്ഥയാണെന്നും ചൂണ്ടിക്കാട്ടിയാണ് മൂന്നാര്‍ എഞ്ചിനീയറിങ് കോളജിലെ വിദ്യാര്‍ഥിനികളുടെ പ്രതിഷേധം. പ്രശ്‌നത്തിന് പരിഹാരം കാണുന്നതുവരെ സമരം തുടരുമെന്നറിയിച്ച വിദ്യാര്‍ഥികള്‍ നിലവില്‍ അധികൃതരുമായുള്ള ചര്‍ച്ചയെ തുടര്‍ന്ന് തത്കാലം സമരം നീട്ടിവച്ചിരിക്കുകയാണ്.
കോളജ് ഹോസ്‌റ്റലില്‍ താമസിച്ച് പഠനം നടത്തുന്ന വിദ്യാര്‍ഥിനികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ഇവര്‍ പ്രിന്‍സിപ്പാളിന് പരാതി നല്‍കിയിരുന്നു. എന്നാല്‍ ഇതില്‍ നടപടിയുണ്ടാകാതെ വന്നതോടെയാണ് വിദ്യാര്‍ഥികള്‍ സമരം ആരംഭിച്ചത്. ആകെ 89 പെണ്‍കുട്ടികളാണ് കോളജ് ഹോസ്‌റ്റലില്‍ താമസിക്കുന്നത്. മൂന്ന് ബ്ലോക്കുകളിലായാണ് ഇവര്‍ക്കുള്ള താമസ സൗകര്യം ഒരുക്കിയിരിക്കുന്നത്.
ഓരോ ബ്ലോക്കും രാത്രി ഭക്ഷണ സമയത്തിന് ശേഷം സെക്യൂരിറ്റി പുറത്തുനിന്ന് പൂട്ടുകയും താക്കോല്‍ ഹോസ്‌റ്റലില്‍ തന്നെ താമസിക്കുന്ന മേട്രനെ ഏല്‍പ്പിക്കുകയുമാണ് പതിവ്. എന്നാല്‍ അടിയന്തര സാഹചര്യം ഉണ്ടായാല്‍ പോലും സെക്യൂരിറ്റിയെ വിളിച്ചുവരുത്തി താക്കോല്‍ ജനലിലൂടെ നല്‍കിയാണ് വാതില്‍ തുറക്കുന്നതെന്നാണ് കുട്ടികളുടെ പരാതി.
പെണ്‍കുട്ടികളുടെ ഹോസ്‌റ്റലില്‍ മാത്രം വൈകിട്ട് 6.30ന് മുന്‍പായി വിദ്യാര്‍ഥിനികള്‍ കയറണമെന്ന് നിഷ്‌കര്‍ഷിക്കുന്നുവെന്നും ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ഹോസ്‌റ്റലുകള്‍ക്ക് ഒരേ മാനദണ്ഡം വേണമെന്നുമാണ് ഇവരുടെ ആവശ്യം. ഹോസ്‌റ്റലിലെ ശുചിമുറികളുടേത് ശോചനീയാവസ്ഥയാണെന്നും പലതും ഉപയോഗ യോഗ്യമല്ലെന്നും ഇവര്‍ പറയുന്നു.
പൊട്ടിപ്പൊളിഞ്ഞ ടോയ്‌ലറ്റുകള്‍ നവീകരിക്കുന്നതിനും അധികൃതര്‍ നടപടി സ്വീകരിക്കുന്നില്ലെന്നും വിദ്യാര്‍ഥികള്‍ കുറ്റപ്പെടുത്തി. അതേസമയം ഇപ്പോള്‍ നടത്തിയിട്ടുള്ള പ്രാഥമിക ചര്‍ച്ചകള്‍ പ്രകാരം വിദ്യാര്‍ഥിനികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് ഉടന്‍ പരിഹാരം കണ്ടില്ലെങ്കില്‍ സമരം പുനരാരംഭിക്കാനാണ് ഇവരുടെ തീരുമാനം.