ഇടുക്കി: തെക്കിന്‍റെ കശ്‌മീരെന്നാണ് മൂന്നാർ അറിയപ്പെടുന്നത്. ബ്രിട്ടീഷുകാരുടെ കാലം മുതല്‍ തന്നെ മൂന്നാറിന്‍റെ ടൂറിസം സാധ്യതകൾ ലോകം അറിഞ്ഞുതുടങ്ങിയിരുന്നു. അതുകൊണ്ടുതന്നെ കേരളത്തിന്‍റെ ടൂറിസം ഭൂപടത്തില്‍ നിർണായക സ്വാധീനമുള്ള മൂന്നാറിനെ തേടി സ്വദേശികളും വിദേശികളുമായി ആയിരക്കണക്കിന് സഞ്ചാരികൾ ദിനംപ്രതി വരുന്നുണ്ട്.
സഞ്ചാരികൾക്കായി മികച്ച സൗകര്യങ്ങളൊരുക്കാൻ തുടങ്ങിയതോടെ മൂന്നാറില്‍ കയ്യേറ്റങ്ങളും ആരംഭിച്ചു. അത് പിന്നീട് ലാഭക്കൊതി മൂത്ത് പ്രകൃതിയെ ചൂഷണം ചെയ്യലായി. രാഷ്ട്രീയ പാർട്ടികളുടെ പിന്തുണ കൂടി ലഭിച്ചതോടെ കയ്യേറ്റം ആർക്കും തടയാനാകാതെ വളർന്നു. ഒടുവില്‍ വർഷങ്ങൾക്കിപ്പുറം കോടതികളുടെ ഇടപെടലുണ്ടായതോടെയാണ് ഗതിയില്ലാതെ സർക്കാർ തലത്തില്‍ ഇടപെടലുണ്ടാകുന്നത്.
എപ്പോഴൊക്കെ കയ്യേറ്റങ്ങൾക്കെതിരെ നടപടി ആരംഭിച്ചിട്ടുണ്ടോ അപ്പോഴൊക്കെ അത് തടയാനും ശ്രമം നടന്നിട്ടുണ്ട്. ഏറ്റവും ഒടുവിലായി ഹൈക്കോടതി നിർദ്ദേശ പ്രകാരം കയ്യേറ്റം ഒഴിപ്പിക്കാൻ പ്രത്യേക ദൗത്യസംഘത്തെ നിയോഗിച്ചപ്പോഴും അതിനെ നേരിടാൻ രാഷ്ട്രീയ ഇടപെടലുണ്ടായി. munnar new task force ഭരണകക്ഷിയിലെ പ്രധാന പാർട്ടികളിലെ രണ്ട് നേതാക്കൾ ഇരുപക്ഷത്തായി നിലയുറപ്പിച്ചാണ് സർക്കാർ നിയോഗിച്ച ദൗത്യസംഘത്തെ വിരട്ടുന്നത് എന്നതാണ് കൗതുകം.
കയ്യേറ്റത്തിലെ പുതിയ കലാപം: 'കയ്യേറ്റം ഒഴിപ്പിയ്ക്കൽ എന്ന് കേൾക്കുമ്പോൾ ചിലർക്ക് ഹാലിളകും. കൈ വെട്ടും കാല് വെട്ടും നാവ് പിഴുതു കളയും എന്നൊക്കെയാണ് പ്രഖ്യാപനം. ഇത്രയും ബുദ്ധിമുട്ടുന്നത് എന്തിനാണ് തലവെട്ടി കളഞ്ഞാൽ മതിയല്ലോ' എന്നിങ്ങനെ ഫേസ്‌ബുക്കില്‍ പോസ്റ്റിട്ടത് സി പി ഐ നേതാവ് കെകെ ശിവരാമനാണ്.
സിപിഎം നേതാവും എംഎല്‍എയുമായ എംഎം മണിയെ വിമർശിച്ചാണ് പോസ്റ്റ് എന്ന് വ്യക്തമാണ്. കുടിയേറ്റക്കാർക്ക് എതിരെ പ്രത്യേക ദൗത്യ സംഘം നടപടി സ്വീകരിച്ചാൽ പ്രതിരോധിയ്ക്കുമെന്ന് കഴിഞ്ഞ ദിവസം എംഎം മണി പ്രതികരിച്ചിരുന്നു. ഇതിന്‍റെ തുടർച്ചയാണ് ശിവരാമന്‍റെ ഫേസ്‌ബുക്ക് പോസ്റ്റ്.
ചിന്നക്കനാലിൽ 100 കണക്കിന് ഏക്കർ സർക്കാർ ഭൂമിയിൽ കയ്യേറ്റം നടത്തി കുരിശു കൃഷി നടത്തുന്നവർ എങ്ങനെയാണ് കുടിയേറ്റക്കാർ ആകുന്നതടക്കമുള്ള വിമർശനങ്ങളും ശിവരാമൻ ഫേസ്‌ബുക്ക് പോസ്റ്റിൽ ഉന്നയിക്കുന്നു. എന്നാല്‍ സംഭവം സിപിഎം-സിപിഐ പരസ്യ പോരിലേക്ക് എത്തിയതോടെ ശിവരാമൻ വിശദീകരണവുമായി രംഗത്ത് എത്തി.
ഫേസ്ബുക്ക് പോസ്റ്റ് ഏതെങ്കിലും ഒരു വ്യക്തിക്കെതിരെ അല്ല. വൻകിടക്കാരുടെ കയ്യേറ്റം ഒഴിപ്പിക്കണമെന്നാണ് താൻ ഉദ്ദേശിച്ചതെന്നാണ് ശിവരാമൻ പറയുന്നത്. എന്തായാലും ദൗത്യ സംഘം അടുത്ത ദിവസങ്ങളില്‍ ജോലി തുടങ്ങുമ്പോൾ അത് സിപിഎം-സിപിഐ പോരിന് മൂർച്ചയേറ്റുമെന്നുറപ്പാണ്.
മൂന്നാറിലെ കയ്യേറ്റങ്ങൾ: മൂന്നാറില്‍ 310 കയ്യേറ്റങ്ങൾ ആണ് കണ്ടെത്തിയിട്ടുള്ളത്. ഇതിൽ 70 കേസുകളിൽ അപ്പീൽ നിലവിലുണ്ട്. ശേഷിച്ച കേസുകളിൽ കയ്യേറ്റങ്ങൾ ഒഴിപ്പിക്കലാണ് പുതിയ ടാസ്‌ക് ഫോഴ്‌സിന്‍റെ ചുമതല.