ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ വെള്ളിയാഴ്‌ച (ഓഗസ്റ്റ് അഞ്ച്) രാവിലെ 11.30 മുതൽ മൂന്ന് ഷട്ടറുകൾ തുറക്കുമെന്ന് തമിഴ്‌നാട് സർക്കാർ. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനാണ് ഇതുസംബന്ധിച്ച വിവരം മാധ്യമങ്ങളെ അറിയിച്ചത്. വി2, വി3, വി4 എന്നി ഷട്ടറുകളാണ് ഉയർത്തുക. മൂന്ന് ഷട്ടറുകളും 30 സെന്‍റീമീറ്റര്‍ വീതം ഉയർത്തി 534 ക്യുസെക്‌സ് ജലം പുറത്തേക്ക് ഒഴുക്കും.
രണ്ട് മണിക്കൂറിന് ശേഷം 1000 ക്യുസെക്‌സ് വരെ വെള്ളം തുറന്നുവിടും. ആയിരത്തിന് മുകളിൽ വെള്ളം തുറന്നുവിടണമെങ്കിൽ ഇരുസംസ്ഥാനങ്ങളും കൂടി ആലോചിച്ച ശേഷം മാത്രമായിരിക്കും നടപടികൾ സ്വികരിക്കുക. വിഷയത്തില്‍, ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും മന്ത്രി പറഞ്ഞു. മുല്ലപ്പെരിയാർ അണക്കെട്ട് തുറക്കുന്നതുമായി ബന്ധപ്പെട്ട് ജനങ്ങൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ല എന്നും ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ടെന്നും ജില്ല കലക്‌ടര്‍ ഷീബ ജോർജ് അറിയിച്ചു.
30 സെന്‍റിമീറ്ററായി 534 ക്യുസെക്‌സ് ജലം ഒഴുക്കും: മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് ഇന്ന് (ഓഗസ്റ്റ് അഞ്ച്) രാവിലെ ഒന്‍പത് മണിക്കാണ്, 137.25 അടിയിൽ എത്തിയതായി റിപ്പോർട്ട് ചെയ്‌തത്. ഡാമിന്‍റെ മൂന്ന് ഷട്ടറുകൾ രാവിലെ 11.30 മുതൽ 30 സെന്‍റിമീറ്റര്‍ വീതം ഉയർത്തി 534 ക്യുസെക്‌സ് ജലം പുറത്തേക്ക് ഒഴുക്കും. പെരിയാറിന്‍റെ തീരപ്രദേശങ്ങളിൽ അധിവസിക്കുന്നവരും ജീവനക്കാരും അതീവ ജാഗ്രത പാലിക്കണം. പൊതുജനങ്ങൾ പെരിയാർ തീരപ്രദേശങ്ങളിൽ കുളിക്കാനിറങ്ങുന്നതും മീൻപിടിക്കുന്നതും സെൽഫി, ഫോട്ടോ തുടങ്ങിയവ ചിത്രീകരിക്കുന്നതിന് വിലക്കുണ്ട്. ഇതുസംബന്ധിച്ച് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ നിയന്ത്രിക്കണമെന്നും കലക്‌ടർ നിർദേശിച്ചു.
മുല്ലപ്പെരിയാർ ഡാമിന്‍റെ ഷട്ടറുകൾ തുറക്കേണ്ടതായ സാഹചര്യങ്ങൾ മുന്നിൽ കണ്ട് മഞ്ജുമല വില്ലേജ് ഓഫിസ് ആസ്ഥാനമായി 24 മണിക്കൂറും പ്രവർത്തിക്കുന്ന പ്രത്യേക കൺട്രോൾ റും ജില്ല ഭരണകൂടം സജ്ജീകരിച്ചു. ഫോൺ : 04869-253362, മൊബൈൽ : 8547612910. അടിയന്തര സാഹചര്യങ്ങളിൽ താലൂക്ക് കൺട്രോൾ റൂം നമ്പർ : 04869-232077, മൊബൈൽ : 9447023597 എന്നിവയും പൊതുജനങ്ങൾക്ക് ഉപയോഗപ്പെടുത്താം.