ഇടുക്കി: മുല്ലപ്പെരിയാറിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞതോടെ അണക്കെട്ടിൽ തമിഴ്‌നാട് തുറന്ന 9 ഷട്ടറുകളും അടച്ചു. നിലവിൽ ഒരു ഷട്ടര്‍ 10 സെന്‍റീമീറ്റര്‍ മാത്രമാണ് തുറന്നിരിക്കുന്നത്. ഡാമിലേക്കുള്ള നീരൊഴുക്ക് കുറഞ്ഞിട്ടുണ്ടെങ്കിലും ജലനിരപ്പില്‍ മാറ്റമില്ല. അതേസമയം മുന്നറിയിപ്പില്ലാതെ ഷട്ടറുകൾ തുറന്നതിനെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തു വന്നിരുന്നു.
കഴിഞ്ഞ ദിവസം പുലര്‍ച്ചെ മൂന്നരയോടെയാണ് ഒരു മുന്നറിയിപ്പുമില്ലാതെ ഡാമിന്‍റെ 10 സ്‌പില്‍വേ ഷട്ടറുകള്‍ തുറന്നത്. പിന്നാലെ കടശ്ശിക്കാട് ആറ്റോരം, മഞ്ചുമല ആറ്റോരം എന്നിവിടങ്ങളില്‍ ആയി പത്തു വീടുകളില്‍ വെള്ളം കയറി. പെരിയാര്‍ തീരത്ത് ഏഴടിയോളം വെള്ളം കയറിയിട്ടുണ്ട്. വൃഷ്ടിപ്രദേശത്ത് രാത്രി ശക്തമായ മഴ ലഭിച്ചതോടെയാണ് അണക്കെട്ടില്‍ ജലനിരപ്പ് വലിയ തോതില്‍ ഉയര്‍ന്നത്.
8000ത്തില്‍ അധികം ഘനയടി വെള്ളമാണ് ഇന്നലെ പുറത്തേക്ക് ഒഴുക്കിയത്. ഈ വര്‍ഷം പുറത്തേക്കൊഴുക്കുന്ന വെള്ളത്തിന്‍റെ ഏറ്റവും ഉയര്‍ന്ന അളവാണിത്. അതേസമയം തമിഴ്‌നാട് കൊണ്ടുപോകുന്ന വെള്ളത്തിന്‍റെ അളവ് കൂട്ടിയിട്ടില്ല. 1,867 ഘനയടി വെള്ളം മാത്രമാണ് നിലവില്‍ തമിഴ്‌നാട് കൊണ്ടുപോകുന്നത്.
ALSO READ: K-RAIL: കെ റെയില്‍ സർവേ, ഉദ്യോഗസ്ഥരെ നൂറനാട്ടിൽ നാട്ടുകാർ തടഞ്ഞു; സംഘർഷാവസ്ഥ
അതേസമയം മുല്ലപ്പെരിയാർ മുന്നറിയിപ്പില്ലാതെ തുറന്നത് ധിക്കാരപരമായ നടപടിയെന്ന് പീരുമേട് എംഎല്‍എ വാഴൂര്‍ സോമന്‍ പ്രതികരിച്ചു. 11 മണിക്ക് സര്‍വ കക്ഷി യോഗം ചേര്‍ന്ന് പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതിനിടെ മുല്ലപ്പെരിയാര്‍ വള്ളക്കടവില്‍ സിപിഎം പ്രതിഷേധം സംഘടിപ്പിച്ചു.
മുന്നറിയിപ്പില്ലാതെ വെള്ളം തുറന്ന് വിടരുതെന്ന് കേരള സര്‍ക്കാര്‍ പലവട്ടം തമിഴ്‌നാടിനോട് ആവശ്യപ്പെട്ടതാണ്. മുന്‍കൂട്ടി അറിയിപ്പ് കിട്ടിയാല്‍ ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കുന്നതടക്കം മുന്‍കരുതലുകളെടുക്കാന്‍ സര്‍ക്കാരിനാകും.