ഇടുക്കി: അടിമാലി ഇരുമ്പുപാലത്തിന് സമീപമുള്ള മുടിപ്പാറച്ചാല്‍ ടൂറിസം കേന്ദ്രമായി മാറ്റണമെന്ന് ആവശ്യം. കൊച്ചി-ധനുഷ്‌ക്കോടി ദേശിയപാതയില്‍ അടിമാലിക്ക് സമീപമുള്ള ഇരുമ്പുപാലത്തു നിന്നുമാണ് മുടിപ്പാറച്ചാലിലേക്കുള്ള പാതയാരംഭിക്കുന്നത്. വിനോദ സഞ്ചാരകേന്ദ്രമായി അടയാളപ്പെടുത്താത്തതിനാല്‍ കാര്യമായി സഞ്ചാരികള്‍ ഇവിടേക്ക് വരാറില്ലെന്ന് നാട്ടുകാര്‍ പറയുന്നു.
കുന്നിന്‍ മുകളില്‍ നിന്നുള്ള മലമടക്കുകളുടെ വിദൂര ദൃശ്യവും വനംവകുപ്പിന്‍റെ അധീനതയിലുള്ള യൂക്കാലിപ്ലാന്റേഷനുമാണ് മുടിപ്പാറച്ചാലിന്റെ ഭംഗി കൂട്ടുന്നത്. ഇരുമ്പുപാലത്തു നിന്നും മൂന്ന് കിലോമീറ്ററിനടുത്ത ദൂരം മുടിപ്പാറച്ചാലിലേക്കുണ്ട്. വന്‍മരങ്ങള്‍ ഇടതൂര്‍ന്ന് നില്‍ക്കുന്ന യൂക്കാലി പ്ലാന്റേഷന്‍ പൊരിവെയിലത്തും കുളിര്‍നല്‍കുമെന്നും നാട്ടുകാര്‍ പറയുന്നു.
തിരക്കില്‍ നിന്നൊഴിഞ്ഞ് മുടിപ്പാറ നല്‍കുന്ന നിശബ്ദതയും സഞ്ചാരികളെ ആകര്‍ഷിക്കാന്‍ കഴിയുന്നതാണ്. വനംവകുപ്പുള്‍പ്പെടെയുള്ള വിവിധ സര്‍ക്കാര്‍ സംവിധാനങ്ങള്‍ കൈകോര്‍ത്താല്‍ മുടിപ്പാറച്ചാലിനെ വിനോദ സഞ്ചാരകേന്ദ്രമായി വളര്‍ത്താന്‍ സാധിക്കുമെന്നാണ് നാട്ടുകാരുടെ പക്ഷം.