ഇടുക്കി : സിംഗപ്പൂരില്‍ ജോലി വാഗ്‌ദാനം ചെയ്‌ത് പണം വാങ്ങി തട്ടിപ്പ് നടത്തിയ പ്രതി പൊലീസ് പിടിയില്‍. ചെങ്ങന്നൂര്‍ മാന്നാര്‍ ശ്രീരംഗം വീട്ടില്‍ ശ്യാം നായരെയാണ് രാജാക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. രാജാക്കാട് പൊലീസ് ഇന്‍പെക്ടര്‍ ബി.പങ്കജാഷന്റെ നേതൃത്വത്തില്‍ കോട്ടയം ഏറ്റുമാനൂര്‍ വച്ചാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഏറ്റുമാനൂരില്‍ ബേക്കറി നടത്തുകയായിരുന്നു പ്രതി.
നിരവധി പേരിൽ നിന്ന് പണം തട്ടി
ശ്യാം നായര്‍ കട്ടപ്പനയില്‍ ഹോട്ടല്‍ നടത്തി കൊണ്ടിരിക്കുമ്പോള്‍ അവിടെ പത്രപരസ്യം നല്‍കി ജോലിക്ക് ആളെ വിളിക്കുകയും അവിടെ ജോലിയില്‍ പ്രവേശിച്ച രാജാക്കാട്ട് സ്വദേശിനിയോട് സിംഗപ്പൂരിലെ മാളില്‍ വിവിധ ജോലി ഒഴിവുകള്‍ ഉണ്ടെന്നും, കൂടുതല്‍ ആളുകള്‍ക്ക് അവസരം ഉണ്ടെന്നും വാഗ്ദാനം ചെയ്ത് അവരുടെ പരിചയത്തിലുള്ളവരായ 20 പേരില്‍ നിന്നായി അമ്പതിനായിരം രൂപ വീതം കൈപ്പറ്റി വിസ നല്‍കുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്.
also read:ഡോക്ടറെ മര്‍ദിച്ചവരെ അറസ്റ്റ് ചെയ്തില്ല; സംസ്ഥാനത്ത് ഇന്ന് ഒപി മുടങ്ങും
പറഞ്ഞ തിയതിയില്‍ വിസ ലഭിക്കാത്തതിനെ തുടര്‍ന്ന് ജീവനക്കാരി കട്ടപ്പന പൊലീസിലും, പണം നഷ്ടപ്പെട്ട മറ്റു വ്യക്തികള്‍ രാജാക്കാട് പൊലീസിലും പരാതി നല്‍കിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. പ്രതി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്തതിനാലും, മാസ്‌ക് ഉപയോഗിക്കുന്നതു കൊണ്ട് പെട്ടെന്ന് തിരിച്ചറിയാന്‍ കഴിയാത്തതും അന്വേഷണം വൈകാന്‍ കാരണമായി.
രാജാക്കാട് പൊലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ് അവിടെയുള്ള പൊലീസിന്‍റെ സഹായത്തോടെ പ്രതിയെ അറസ്റ്റ് ചെയ്തത്. അടിമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്ത് ചോദ്യം ചെയ്യലിനായി പൊലീസ് കസ്റ്റഡിയില്‍ വിട്ടു.