തൊടുപുഴയില്‍ ഏഴു വയസുകാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ കുട്ടിയുടെ അമ്മയുടെ സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഉച്ചയോടെ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേ സമയം കുട്ടിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണ്
വ്യാഴാഴ്ച പുലര്‍ച്ചയോടെയാണ് കുട്ടിക്ക് മര്‍ദ്ദനം ഏല്‍ക്കുന്നത്. അമ്മയും സുഹൃത്തും പുറത്ത് പോയി തിരിച്ച് വന്നപ്പോള്‍ കുട്ടി സോഫയില്‍ മൂത്രമൊഴിച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്താണ് ഇയാള്‍ കുട്ടിയെ മര്‍ദ്ദിക്കുന്നത്. കുട്ടിയെ പലതവണ നിലത്തിട്ട് ഇയാള്‍ ചവിട്ടുകയും ഇതിന് ശേഷം അലമാരിക്കിടയില്‍ വെച്ച് ഞെരുക്കുകയും മുഖത്തടിക്കുകയും ചെയ്തു. ഇത് തടയാന്‍ ശ്രമിച്ച അമ്മക്കും ഇളയകുട്ടിക്കും മര്‍ദ്ദനമേറ്റെന്നും അമ്മ നല്‍കിയ മൊഴിയില്‍ പറയുന്നു.
കുട്ടിയുടെ തലക്ക് പിന്നില്‍ ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്. നിലവില്‍ അടിയന്തര ശസ്ത്രക്രിയക്കായി കുട്ടിയെ കോലഞ്ചേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആന്തരിക രക്തസ്രാവമുള്ളതിനാൽ കുട്ടിയുടെ അവസ്ഥ ഇപ്പോഴും മോശമായി തുടരുകയാണ്. കുട്ടി വെന്‍റിലേറ്ററിൽ 48 മണിക്കൂർ നിരീക്ഷണത്തിലാണെന്ന് ഡോക്ടർമാർ അറിയിച്ചു.