ഇടുക്കി: നിയമസഭ തെരഞ്ഞെടുപ്പിന്‍റെ പ്രചാരണാര്‍ഥം ഇടുക്കി കലക്ടറേറ്റില്‍ മാതൃക പോളിങ് സ്റ്റേഷന്‍ തുറന്നു. മാതൃക പോളിങ് സ്റ്റേഷന്‍റെ ഉദ്ഘാടനം ജില്ല കലക്ടര്‍ എച്ച്. ദിനേശന്‍ നിര്‍വഹിച്ചു. വോട്ടിങ് യന്ത്രവും വിവിപാറ്റ് സംവിധാനവും പരിചയപ്പെടുത്തുക, തെരഞ്ഞെടുപ്പിന്‍റെ പ്രാധാന്യം പൊതുജനങ്ങളിലെത്തിക്കുക, വോട്ടുചെയ്യാന്‍ ജനങ്ങളെ പ്രോത്സാഹിപ്പിക്കുക എന്നീ ഉദേശങ്ങളോടെയാണ് മാതൃക പോളിങ് സ്റ്റേഷന്‍ തുറന്നിരിക്കുന്നത്.
തെരഞ്ഞെടുപ്പ് പ്രകിയയെയും വോട്ടിങ് യന്ത്രത്തെയും കുറിച്ചുള്ള ബോധവത്കരണ പരിപാടി സ്വീപിന്‍റെ ഭാഗമായിട്ടാണ് പോളിങ് സ്റ്റേഷന്‍ തയ്യാറാക്കിയത്. കലക്ടറേറ്റില്‍ സജ്ജമാക്കിയിരിക്കുന്ന മാതൃക പോളിങ് സ്റ്റേഷനില്‍ വോട്ടിന്‍റെ പ്രാധാന്യവും ഒരു സമ്മതിദായകനും ഒഴിവാക്കപ്പെടരുതെന്നുള്ള പോസ്റ്ററുകളും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഭിന്നശേഷിക്കാര്‍ക്കായി വീൽചെയറും വോട്ടര്‍മാര്‍ക്ക് കുടിവെള്ളവും ഇവിടെ ഒരുക്കിയിട്ടുണ്ട്. രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചു വരെയാണ് മാതൃക പോളിങ് സ്റ്റേഷന്‍റെ പ്രവര്‍ത്തന സമയം.
റിട്ടേണിങ് ഓഫീസറും മൂന്ന് പ്രിസൈഡിങ് ഓഫീസര്‍മാരുമാണ് പോളിങ് ബൂത്ത് നിയന്ത്രിക്കുന്നത്. പോളിങ് ഏജന്‍റുമാര്‍ക്കുള്ള ഇരിപ്പിടവും ക്രമീകരിച്ചിട്ടുണ്ട്. ഇത്തവണ തെരഞ്ഞെടുപ്പില്‍ നടപ്പാക്കുന്ന വിവിപാറ്റ് യന്ത്രവും മാതൃക പോളിങ് സ്റ്റേഷനിലുണ്ട്. രേഖപ്പെടുത്തിയ വോട്ട് ആര്‍ക്കാണെന്ന് വിവിപാറ്റ് യന്ത്രത്തിലൂടെ വോട്ടര്‍ക്ക് കാണാന്‍ സാധിക്കുമെന്നതാണ് ഇതിന്‍റെ പ്രത്യേകത.
ജില്ല പൊലീസ് മേധാവി ആര്‍ കറുപ്പസാമി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ എന്‍.സതീഷ് കുമാര്‍, എഡിഎം അനില്‍ കുമാര്‍ എംപി, ആര്‍ഡിഒ അനില്‍ ഉമ്മന്‍, സ്വീപ് നോഡല്‍ ഓഫീസറും ഹുസൂര്‍ ശിരസ്‌തദാറുമായ മിനി ജോണ്‍, കലക്ടറേറ്റ് ജീവനക്കാര്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.