ഇടുക്കി: അടിമാലി കുരിശുപാറയില്‍ സ്ഥാപിച്ചിട്ടുള്ള ബി.എസ്.എന്‍.എല്‍ ടവറിന്‍റെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കണമെന്ന ആവശ്യവുമായി പ്രദേശവാസികള്‍ രംഗത്ത്. കരണ്ടുപോയാലുടന്‍ ടവറിന്‍റെ പ്രവര്‍ത്തനം താറുമാറാകുന്നതാണ് പരാതിക്ക് ഇടവരുത്തുന്നത്. ഇടക്കിടെ മൊബൈല്‍ കവറേജ് നഷ്ടമാകുന്നത് കുട്ടികളുടെ ഓണ്‍ലൈന്‍ പഠനത്തേയും പ്രദേശത്തെ റേഷന്‍കടയുടെ പ്രവര്‍ത്തനത്തേയും പ്രതികൂലമായി ബാധിക്കുന്നുവെന്ന ആക്ഷേപവും ഉയരുന്നു.
നൂറുകണക്കിന് കുടുംബങ്ങള്‍ താമസിച്ച് വരുന്ന ഇടമാണ് പള്ളിവാസല്‍ പഞ്ചായത്തിലെ കുരിശുപാറ. ഇവിടെ മൊബൈല്‍ കവറേജും ആശയവിനിമയവും സാധ്യമാക്കുന്നത് ബി.എസ്.എന്‍.എല്ലിന്‍റെ ഒരേ ഒരു ടവറാണ്. മഴക്കാലമായതോടെ കുരിശുപാറ, മാങ്കുളം മേഖലകളില്‍ വൈദ്യുതി മുടക്കം പതിവാണ്. നിലവിലെ സ്ഥിതിയില്‍ ഈ സമയത്തൊന്നും കുരിശുപാറയില്‍ മൊബൈല്‍ കവറേജ് ഉണ്ടാകാന്‍ സാധ്യതയില്ല.
കാലവര്‍ഷക്കെടുതിയില്‍ ഏതെങ്കിലും വിധത്തിലുള്ള അനിഷ്ടസംഭവങ്ങള്‍ ഉണ്ടായാല്‍ പോലും വിളിച്ചറിയിക്കാന്‍ കുടുംബങ്ങള്‍ക്ക് മാര്‍ഗമുണ്ടാകില്ല. ഇത്തരം സാഹചര്യങ്ങള്‍ തിരിച്ചറിഞ്ഞ് കരണ്ടുപോകുന്ന സമയത്തും ടവറിന്‍റെ പ്രവര്‍ത്തനം സുഗമമായി പോകും വിധം സംവിധാനമൊരുക്കണമെന്നാണ് പ്രദേശത്തെ കുടുംബങ്ങളുടെ ആവശ്യം.