ഇടുക്കി: ഉടുമ്പൻചോല നിലനിർത്താൻ പ്രചാരണ രംഗത്ത് സജീവമായി എംഎം മണി. യുഡിഎഫ്, എൻഡിഎ മുന്നണികളുടെ സ്ഥാനാർഥി നിർണയ ചർച്ചകൾ നീളുമ്പോൾ ഒന്നാം ഘട്ട പ്രചാരണ പ്രവർത്തനത്തിന്‍റെ അവസാനഘട്ടത്തിലാണ് എൽഡിഎഫ്. ഇടുക്കിയിൽ ഇത്തവണ ഇടതുപക്ഷം സ്ഥാനാർഥി പ്രഖ്യാപനത്തിന് മുമ്പ് തന്നെ പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചിരുന്നു. ജില്ലയിൽ ആദ്യം സ്ഥാനാർഥി പര്യടനം ആരംഭിച്ചത് വൈദ്യുത മന്ത്രി എംഎം മണിയാണ്. ഇതിനു പുറമെ, ഇടുക്കിയിൽ ഏറ്റവും ആദ്യം പ്രചാരണം ആരംഭിച്ചതും എംഎം മണിയുടെ മണ്ഡലമായ ഉടുമ്പൻ ചോലയിലാണ്.
നിലവിൽ ഒന്നാം ഘട്ട പ്രചാരണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലാണ്. ഇതിന്‍റെ ഭാഗമായി നിയോജക മണ്ഡലം കൺവെൻഷൻ പൂർത്തിയായി. തികഞ്ഞ വിജയ പ്രതീക്ഷയോടെയാണ് പ്രവർത്തകർ പ്രചാരണ രംഗത്തുള്ളത്. മണ്ഡലത്തിൽ മറ്റ് മുന്നണികൾ സ്ഥാനാർഥികളെ പ്രഖ്യാപിക്കാത്തതും മണ്ഡലത്തിലെ പ്രചാരണ രംഗത്ത് നിറഞ്ഞു നിൽക്കാൻ ഇടതു പക്ഷത്തിന് സഹായകമായി എന്നാണ് നേതൃത്വത്തിന്‍റെ വിലയിരുത്തൽ. എന്നാൽ, അമിത ആത്മവിശ്വാസം അപകടമാണെന്ന് എം.എം മണി പ്രവര്‍ത്തകരെ ഓർമപ്പെടുത്തി. ഉടുമ്പന്‍ചോലയില്‍ വിജയിക്കുമെന്ന ആത്മവിശ്വാസം മാത്രം പോരെന്നും അദ്ദേഹം നെടുങ്കണ്ടത്ത് പറഞ്ഞു. തന്നെ കഴിഞ്ഞ തവണ കഷ്ടിച്ച് വിജയിപ്പിച്ചവര്‍ക്ക് നഷ്ടമുണ്ടായിട്ടില്ലെന്നും ബാക്കിയുള്ള വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ വിജയിപ്പിക്കണമെന്നും മണി കൂട്ടിച്ചേർത്തു.
കോൺഗ്രസ് ബിജെപിയുടെ ബി ടീമാണെന്നാണ് എംഎം മണിയുടെ സിപിഐ ജില്ലാ സെക്രട്ടറി കെ.കെ ശിവരാമൻ അഭിപ്രായപ്പെട്ടത്. കോൺഗ്രസിന് കൊടുക്കുന്ന വോട്ട് ബിജെപിക്ക് നൽകുന്നതാണെന്നും അദ്ദേഹം എം.എം മണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനത്തിന്‍റെ ഭാഗമായി സംഘടിപ്പിച്ച നിയോജക മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.