ഇടുക്കി: ഇടമലക്കുടിയിലെ ആദിവാസികള്‍ക്കും ബിജെപിയ്ക്കുമെതിരേയുള്ള എംഎം മണിയുടെ പരാമര്‍ശത്തിന് മറുപടിയുമായി ബിജെപി സംസ്ഥാന നേതൃത്വം. എംഎം മണിയ്ക്ക് മാനസികാസ്വാസ്ഥ്യമാണെന്നും സിപിഐഎം അടിയന്തര ചികിത്സ നല്‍കണമെന്നും ബിജെപി മധ്യമേഖല പ്രസിഡന്‍റ് എന്‍ ഹരി പറഞ്ഞു. ഇടമലക്കുടിയിലെ ബൈ ഇലക്ഷനില്‍ സിപിഐഎം സീറ്റ് ബിജെപി പിടിച്ചെടുത്തത് മുതലുള്ളതാണ് എം എം മണിയുടെ ജല്‍പ്പനങ്ങളെന്നും എന്‍ ഹരി കൂട്ടിച്ചേർത്തു.
ഇടുക്കി ശാന്തമ്പാറയില്‍ നടന്ന ആദിവാസി ക്ഷേമ സമിതി ഇടുക്കി ജില്ല സമ്മേളനം ഉദ്ഘാടനം ചെയ്‌ത് സംസാരിക്കവെയാണ് എംഎം മണി ഇടമലക്കുടിക്കാര്‍ക്കും ബിജെപിയ്ക്കും എതിരെ പരാമര്‍ശം നടത്തിയത്. വികസനമെത്തിച്ചത് ഇടത്പക്ഷമാണ്, എന്നാല്‍ ഇടമലക്കുടിക്കാര്‍ക്ക് നരേന്ദ്രമോദി എന്നാല്‍ ദൈവത്തേപ്പോലെയാണ്. ആണത്തമുള്ളവരാണെങ്കിൽ ബിജെപിക്കാരെ അവിടെ കയറ്റില്ലെന്നും അടിച്ചോടിക്കുകയാണ് ചെയ്യേണ്ടതെന്നും എംഎം മണി പറഞ്ഞു.
ഇതിനെതിരെയാണ് ഇപ്പോള്‍ ബിജെപി സംസ്ഥാന നേതൃത്വം മറുപടിയുമായെത്തിയത്. ഇടമലക്കുടിയില്‍ എന്ത് വികസനമാണ് മന്ത്രിയായിരുന്നപ്പോള്‍ എംഎം മണി ചെയ്‌തതെന്നും റോഡും വൈദ്യുതിയും അടക്കം എത്തിച്ചത് കേന്ദ്ര സര്‍ക്കാരാണ്, ആശുപത്രി ആവശ്യങ്ങള്‍ക്ക് ഇന്നും ഇടമലക്കുടിക്കാര്‍ കിലോമീറ്ററുകള്‍ നടക്കേണ്ട സാഹചര്യമാണെന്നും ബി ജെ പി നേതൃത്വം ആരോപിച്ചു.
Also read: 'ഇടമലക്കുടിക്കാര്‍ക്ക് നരേന്ദ്ര മോദിയെന്നാല്‍ ദൈവം'; വിമര്‍ശനവുമായി എം.എം മണി