ഇടുക്കി: കെഎസ്ഇബി ഓഫിസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്‍റ് എം.ജി സുരേഷ് കുമാറിനെതിരെ 6.72 ലക്ഷം രൂപ നഷ്‌ടപരിഹാരം ആവശ്യപ്പെട്ട് കെഎസ്‌ഇബി നോട്ടീസ് അയച്ച സംഭവത്തില്‍ പ്രതികരണവുമായി മുന്‍ മന്ത്രി എം.എം മണി. സുരേഷ് കുമാർ മന്ത്രിയുടെയും ഓഫിസിൻ്റേയും നിർദേശം അനുസരിച്ചുള്ള യാത്രകൾ മാത്രമേ നടത്തിയിട്ടുള്ളുവെന്ന് എം.എം മണി പറഞ്ഞു. വാഹനം ഉപയോഗിച്ചതും അതിൻ്റെ അടിസ്ഥാനത്തിൽ മാത്രം.
അനധികൃതമായി ഒന്നും നടന്നതായി തൻ്റെ അറിവിലില്ല. ഇപ്പോൾ നടക്കുന്ന സമരത്തിന് നേതൃത്വം നൽകുന്നത് കൊണ്ട് കരുതി കൂട്ടി തേജോവധം ചെയ്യുകയാണെന്നും എം.എം മണി ആരോപിച്ചു. എം.എം മണി വൈദ്യുതി മന്ത്രിയായിരുന്ന കാലത്ത് അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന സുരേഷ് കുമാര്‍ ഔദ്യോഗിക വാഹനം ദുരുപയോഗം ചെയ്‌തുവെന്നാണ് നോട്ടീസില്‍ പറയുന്നത്.
ഔദ്യോഗിക വാഹനം സ്വകാര്യ ആവശ്യത്തിന് ഉപയോഗിച്ചുവെന്ന് ചൂണ്ടികാട്ടി 6.72 ലക്ഷം രൂപ നഷ്‌ടപരിഹാരം ആവശ്യപ്പെട്ടാണ് കെഎസ്‌ഇബി നോട്ടീസ് അയച്ചത്. എന്നാല്‍ തനിക്ക് കെഎസ്ഇബിയില്‍ നിന്ന് നോട്ടീസ് ലഭിച്ചിട്ടില്ലെന്നായിരുന്നു എം.ജി സുരേഷ് കുമാറിന്‍റെ പ്രതികരണം. വാര്‍ത്ത സൃഷ്‌ടിക്കാനുള്ള ചെയര്‍മാന്‍ ബി അശോകിന്‍റെ ശ്രമങ്ങളാണ് ഇതിന് പിന്നിലെന്നും സുരേഷ് കുമാർ ആരോപിച്ചിരുന്നു.
Also read: കെ.എസ്.ഇ.ബി വാഹനം സ്വകാര്യ ആവശ്യത്തിന് ഉപയോഗിച്ചു; എം.ജി സുരേഷ് കുമാറിന് 6.72 ലക്ഷം പിഴ