ഇടുക്കി: മൂന്നാര്‍ ചെങ്കുളത്ത് പുലിയെ കൊണ്ടുവന്നത് വനം വകുപ്പെന്ന് എംഎം മണി എംഎല്‍എ. ഏതാനും ദിവസങ്ങളായി ചെങ്കുളം ജനവാസ മേഖലയില്‍ പുലിയുടെ സാന്നിധ്യം പതിവാണ്. നിരവധി തവണ പുലിയെ നാട്ടുകാര്‍ കണ്ടിരുന്നു. മറ്റെവിടുന്നെങ്കിലും പുലിയെ എത്തിച്ചതാണെന്ന ആരോപണം നാട്ടുകാര്‍ ഉന്നയിക്കുന്നതിനിടെയാണ് സമാന ആരോപണവുമായി എംഎം മണിയും രംഗത്ത് എത്തിയിരിക്കുന്നത്.
ചെങ്കുളം റിസര്‍വ് വിജ്ഞാപനത്തിന്‍റെ പിന്നാലെ മേഖലയില്‍ പുലിയുടെ സാന്നിധ്യം പതിവാണെന്നാണ് നാട്ടുകാരുടെ ആരോപണം. ചെങ്കുളം ഡാമിനോട് ചേര്‍ന്നുള്ള പ്രദേശങ്ങള്‍ വനമായി പ്രഖ്യാപിച്ചുകൊണ്ട് വിജ്ഞാപനം ഇറങ്ങിയത് വന്‍ പ്രതിഷേധത്തിന് ഇടവരുത്തിയിരുന്നു. 87 ഹെക്‌ടര്‍ ഭൂമിയാണ് റിസര്‍വ് വനമായി പ്രഖ്യാപിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം പട്രോളിംഗിനിടെ രാത്രിയില്‍ പൊലിസ് ഉദ്യോഗസ്ഥര്‍ പുലിയെ കണ്ടിരുന്നു. പിന്നാലെ അടുത്ത ദിവസം നാട്ടുകാരും പ്രധാന പാതയോരത്ത് പുലിയെ കണ്ടിരുന്നു. എന്നാല്‍ മേഖലയില്‍ നിലവില്‍ ഇതുവരേയും പുലിയുടെ ആക്രമണം ഉണ്ടായിട്ടില്ല. പ്രദേശം വനംവകുപ്പിന്‍റെ നിരീക്ഷണത്തിലാണ്.