ഇടുക്കി: വട്ടവട മോഡല്‍ വില്ലേജുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്നിട്ടുള്ള ഭൂമി കൈയ്യേറ്റ വിഷയത്തില്‍ വേണ്ടി വന്നാല്‍ പരിശോധന നടത്തുമെന്ന് റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍. വിഷയം സംബന്ധിച്ച് അടിമാലിയില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു റവന്യൂ മന്ത്രി.
വട്ടവട പഞ്ചായത്തിലെ മാതൃകാഗ്രാമ പദ്ധതിയുടെ നിര്‍വ്വഹണത്തില്‍ ക്രമക്കേടുണ്ടെന്ന ദേവികുളം സബ്കലക്ടറുടെ റിപ്പോര്‍ട്ട് വന്നതിന് പിന്നാലെയാണ് വിഷയത്തില്‍ റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരൻ നിലപാട് വ്യക്തമാക്കിയത്. മോഡല്‍ വില്ലേജുമായി ബന്ധപ്പെട്ട് ഉയര്‍ന്ന് വന്നിട്ടുള്ള ഭൂമി കൈയ്യേറ്റ വിഷയത്തില്‍ വേണ്ടി വന്നാല്‍ പരിശോധന നടത്തുമെന്നും സബ്കലക്ടടറുടെ റിപ്പോര്‍ട്ട് സര്‍ക്കാരിലേക്ക് വന്നാല്‍ തുടര്‍നടപടികള്‍ ആലോചിക്കുമെന്നും റവന്യൂ മന്ത്രി പറഞ്ഞു.
ഇടുക്കി ജില്ലയെ സംബന്ധിച്ചിറങ്ങിയ വിവാദ ഭൂ ഉത്തരവ് സംബന്ധിച്ചും റവന്യൂ മന്ത്രി വിശദീകരിച്ചു. ആരോടും ആലോചിക്കാതെയാണ് ഉത്തരവ് പുറത്തിറക്കിയതെന്ന വാദം ശരിയല്ല. ജില്ലയിലെ സാധാരണക്കാരെ സഹായിക്കാനാണ് ഇത്തരമൊരു ഉത്തരവിറങ്ങിയതെന്നും ഉത്തരവിന്റെ ഉള്ളടക്കം മനസ്സിലാക്കാതെയാണ് പലരും സംസാരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.